കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വൈദികര്‍ നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതര്‍ നടത്തിയ ഉപവാസ സമരമാണ് അവസാനിപ്പിച്ചത്. സ്ഥിരം സിനഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
സഹായ മെത്രാന്മാരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ഇടപെടുമെന്നും സ്ഥിരം സിനഡ് ഉറപ്പ് നല്കി. കര്‍ദ്ദിനാളിനെതിരായ മറ്റ് പരാതികള്‍ പൂര്‍ണ സിനഡ് ചര്‍ച്ച ചെയ്യുമെന്നും വ്യാജരേഖ കേസില്‍ പീഡിപ്പിക്കുന്നുണ്ടെന്ന പരാതിയില്‍ ഇടപെടുമെന്നും സ്ഥിരം സിനഡ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വൈദികര്‍ സമരം അവസാനിപ്പിച്ചത്.
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പും സ്ഥിരം സിനഡ് പ്രതിനിധിയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിമത വൈദികരുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കുമെന്ന് അറിയിച്ചത്.
ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും സസ്പെന്റ് ചെയ്യപ്പെട്ട സഹായമെത്രാന്മാരെ പൂര്‍ണ ചുമതലയോടെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.