തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 24 വരെ ശക്തമായ മഴ തുടരുമെന്ന്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജൂലൈ 24 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
ജുലൈ 20 ന് കാസര്‍കോടും 21 ന് ഇടുക്കി, കാസര്‍കോട് ജില്ലകളിലും 22 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താനുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൂലൈ 20 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 21 ന് കോട്ടയം, എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 22ന് ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 23ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും ജൂലൈ 24 ന് കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ജൂലൈ 20 – കൊല്ലം,ആലപ്പുഴ,പാലക്കാട്, വയനാട്
ജൂലൈ 21- പത്തനംതിട്ട, ആലപ്പുഴ,തൃശ്ശൂര്‍,മലപ്പുറം, വയനാട്
ജൂലൈ 22- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, തൃശ്ശൂര്‍
ജൂലൈ 23 – കോട്ടയം, എറണാകുളം, തൃശ്ശൂര്‍
ജൂലൈ 24- ഇടുക്കി,കോഴിക്കോട്, വയനാട്
കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ മത്സത്തൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൂലൈ 23 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ നാല് അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് ഭാഗീകമായി തുറന്നിരിക്കുന്നത്.