പാലക്കാട് : ആലത്തൂരിലെ കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസിന് കാറു വാങ്ങിനല്‍കാന്‍ കൂപ്പണ്‍ വെച്ച് പണം പിരിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. ഇതിനായി ആലത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആയിരം രൂപയുടെ 1400 കൂപ്പണുകള്‍ അച്ചടിച്ചിറക്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ മുഖേന പണപ്പിരിവ് നടത്താനാണ് തീരുമാനം. ഒരു നിയോജകമണ്ഡലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ ഒരാഴ്ചയ്ക്കകം പിരിച്ചെടുക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം.
എന്നാല്‍ ഇതിനെതിരെ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. മാസം 1.9 ലക്ഷം രൂപയും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റുന്ന എംപിക്ക് വാഹനം വാങ്ങാന്‍ പണപ്പിരിവ് എന്തിനെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നു. നിര്‍ബന്ധിത പണപ്പിരിവിനോട് യോജിക്കില്ലെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ശമ്പളത്തിന് പുറമെ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവന്‍സും പാര്‍ലമെന്റ് കൂടുമ്പോള്‍ ക്ഷാമ ബത്തയും എംപിമാര്‍ക്ക് ലഭിക്കും. കൂടാതെ ട്രെയിന്‍ ,വിമാന യാത്രകള്‍ സൗജന്യവുമാണ്. അപേക്ഷിച്ചാലുടന്‍ എംപിമാര്‍ക്ക് ദേശസാല്‍കൃത ബാങ്കില്‍ നിന്നും ഈടില്ലാതെ വാഹന വായ്പയും ലഭിക്കും. ഇത്തരം സൗകര്യങ്ങളുണ്ടായിട്ടും പണപ്പിരിവ് നടത്തി വാഹനം വാങ്ങുന്നതിനെതിരെ വലിയ ആക്ഷേപമാണ് പാര്‍ട്ടിക്കകത്തുനിന്നും ഉയരുന്നത്. 14 ലക്ഷം രൂപ വിലവരുന്ന കാര്‍ വാങ്ങിനല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.