ഭോപ്പാല്‍ : അനധികൃതമായി കൃത്രിമ പാല് നിര്‍മ്മിച്ച മൂന്ന് പാലുത്പാദന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി. മധ്യപ്രദേശിലാണ് റെയ്ഡില്‍ കൃത്രിമ പാല് ഉത്പാദന കേന്ദ്രങ്ങള്‍ കണ്ടെത്തിയത്.
30 ശതമാനം യഥാര്‍ത്ഥ പാലും ഒപ്പം ഷാംപൂ, വെള്ള പെയിന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല് നിര്‍മ്മിച്ചിരുന്നത്. ഇതേ ചേരുവകള്‍ ഉപയോഗിച്ചാണ് വെണ്ണയും പനീറും നിര്‍മ്മിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രമുഖ ബ്രാന്‍ഡുകളായാണ് എത്തുന്നത്.
ഇവിടെ വ്യാജമായി നിര്‍മ്മിക്കുന്ന പാല് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്,ഹരിയാന, രാജസ്ഥാന്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ് വിതരണം ചെയ്തിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് 57 പേരെ പോലീസ് അറസ്റ്റു ചെയ്തു.
20 ടാങ്കര്‍ ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച കൃത്രിമ പാലും ഇവിടെ നിന്നും പിടികൂടി. അതോടൊപ്പം ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരണം കണ്ടെത്തിയതായി റെയ്ഡിനു നേതൃത്വം നല്കിയ എസ്.പി രാജേഷ് ബഡോറിയ പറഞ്ഞു.
5 രൂപ ചിലവില്‍ നിര്‍മ്മിച്ചിരുന്ന ഒരു ലിറ്റര്‍ പാല് മാര്‍ക്കറ്റില്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ചീസിനു കിലോയ്ക്ക് 100 രൂപ മുതല്‍ 150 രൂപ നിരക്കിലുമാണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. ദിവസേന രണ്ട് ലക്ഷത്തോളം പാല് ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറികള്‍ പോലീസ് അടച്ചുപൂട്ടി.