കൊല്ലം. വൈദ്യുതി ലൈനിലെ തകരാര്‍ മൂലം തിരുവനന്തപുരം – എറണാകുളം പാതയിലെ തീവണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈകീട്ട് മൂന്ന് മണിക്ക് ശേഷമാണ് കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിലുള്ള റെയില്‍വേ വൈദ്യുതി ലൈന്‍ തകരാറിലായത്. ഇതേ തുടര്‍ന്ന് പലയിടങ്ങളിലായി തീവണ്ടികള്‍ നിര്‍ത്തിയിട്ടു.
ഐലന്റ് എക്സ്പ്രസ് ശാസ്താംകോട്ടയിലും, കൊല്ലത്തെത്തിയ തിരുവനന്തപുരം – ചെന്നൈ മെയില്‍ ഔട്ടറിലും സ്റ്റേഷനിലുമായി പിടിച്ചിട്ടു. ഇതോടെയാണ് തിരുവനന്തപുരം- എറണാകുളം പാതയില്‍ തീവണ്ടി ഗതാഗതം സ്തംഭിച്ചത്.
തകരാറുകള്‍ പരിഹരിക്കുന്നതുവരെ ഡീസല്‍ എന്ജിന് ഉപയോഗിച്ച് തീവണ്ടികള്‍ ശാസ്താംകോട്ടവരെ എത്തിച്ചു. ഇവിടെ നിന്നുമാണ് തീവണ്ടികള്‍ യാത്ര തുടര്‍ന്നത്. വൈദ്യുതി ലൈനിലെ തകരാറുമൂലം ഈ പാതയില്‍ ഓടുന്ന മറ്റ് തീവണ്ടികളും വൈകി.