തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പുകളില്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വളര്‍ച്ചക്കായിരിക്കണം വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്യാമ്പസുകളില്‍ സമാധാനം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ ക്യാമ്പസിന് പുറത്ത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന എസ്എഫ്ഐ ആക്രമണത്തില്‍ വിശദമായ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.
പി എസ് സി പരീക്ഷ സംബന്ധിച്ച ആരോപണങ്ങളില്‍ വിശദീകരണം നല്കാന് എത്തണമെന്ന് പി എസ് സി ചെയര്മാന് എം കെ സക്കീറിനോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ നടക്കുന്നതിനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് നല്ല കാര്യങ്ങള്‍ അല്ലെന്നും നേരത്തെ അദ്ദേഹം പ്രതികരിച്ചിരുന്നു.