കോഴിക്കോട് : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്.
ജില്ലയില്‍ ജൂലൈ 22 നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത-നിവാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
കോര്പ്പറേഷന് ഹെല്‍ത്ത് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം നഗരസഭയിലെ ഓടകളെല്ലാം പരിശോധിച്ചു തുടര്‍നടപടികളെടുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
അതോടൊപ്പം ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നല്കാന് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, എഇ എന്നിവരുള്‍പ്പെടുന്ന സംഘത്തെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലയില്‍ 22-ന് റെഡ് അലര്‍ട്ടും 21, 23 തീയതികളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അപകട സാധ്യതയുള്ള മരച്ചില്ലകളും വെള്ളക്കെട്ടുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളും പരിശോധിച്ച് വേണ്ട നടപടികളെടുക്കാനും കളക്ടറുടെ നിര്‍ദേശമുണ്ട്.