കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരം. മഹാരാജാസ് മുതല്‍ കടവന്ത്ര വരെയുള്ള പുതിയ പാതയിലൂടെ 1.3 കിലോമീറ്ററാണ് ട്രയല്‍ റണ്‍ നടത്തിയത്.
രാവിലെ 7.30ന് മണിക്കൂറില്‍ 5 കിലോമീറ്റര്‍ വേഗത്തിലാണ് പരീക്ഷണം ഓട്ടം ആരംഭിച്ചത്. സൗത്ത് റെയില്‍വെ സ്റ്റേഷനടുത്തുളള ക്യാന്റി ലിവര്‍ പാലത്തിലാണ് പരീക്ഷണയോട്ടം അവസാനിപ്പിച്ചത്.
യാത്രക്കാരുടെ ഭാരം കണക്കാക്കി അതിന് ആനുപാതികമായി കോച്ചുകളില്‍ മണല്‍ച്ചാക്ക് നിറച്ചാണ് ട്രയല്‍ റണ്‍ നടത്തിയത്. നിലവില്‍ മഹാരാജാസ് വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. പരീക്ഷണയോട്ടം വരും ദിവസങ്ങളിലും തുടരും.
90 മീറ്റര്‍ നീളമുള്ള ബാലന്‍സ്ഡ് ക്യാന്റി ലിവര്‍ പാലത്തിലൂടെയാണ് പരീക്ഷണയോട്ടം നടത്തിയത്. ബാലന്‍സ്ഡ് ക്യാന്റി ലിവര്‍ പാലങ്ങള്‍ രാജ്യത്തില്‍ നിരവധി ഉണ്ടെങ്കിലും കേരളത്തിലുള്ളതു പോലെ വളഞ്ഞ പാലം ആദ്യമായാണ് നിര്‍മ്മിക്കുന്നത്.