സത്യമപ്രിയം

സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ ക്രൂശിക്കുന്ന പിണറായി

ജി.കെ സുരേഷ് ബാബു

മുഖ്യമന്ത്രി പിണറായി വിജയന് എന്താണ് പറ്റിയത്? ഇടതുപക്ഷം വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി ജീവിതാഭിലാഷമായ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത പിണറായിയുടെ കാലത്ത് ഒന്നും ശരിയായില്ല എന്നു മാത്രമല്ല, പറഞ്ഞതൊക്കെ വിഴുങ്ങി മറ്റേതു ഭരണാധികാരിയേക്കാളും ക്രൂരമായ പീഡനവും പോലീസ് നരനായാട്ടുമാണ് ഇന്ന് അരങ്ങേറുന്നത്. പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നട്ടെല്ലു വളച്ച്, അഴിമതിക്കും അനീതിക്കും കൂട്ടു നില്‍ക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു തരത്തിലും ജോലിയില്‍ തുടരാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൂട്ടിലെ തത്ത എന്ന പേരില്‍ പിണറായി തന്നെ ഉയര്‍ത്തിക്കാട്ടിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസില്‍ തുടങ്ങുന്നു മുഖ്യമന്ത്രിയുടെ അഭ്യാസം. പിണറായി തന്നെ ഉയര്‍ത്തിക്കാട്ടിയ ജേക്കബ്ബ് തോമസ് അന്വേഷണത്തിന്റെ വഴികളില്‍ സത്യം വിടാതെയും പാര്‍ട്ടിക്ക് വഴങ്ങാതെയും മുന്നേറിയപ്പോഴാണ് അനഭിമതനാകുന്നതും പുറത്തേക്കുള്ള വഴി കാട്ടിയതും. എല്ലാ ചട്ടങ്ങളും ലംഘിച്ച് തുടരുന്ന സസ്‌പെന്‍ഷന്‍, സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെ കരിയര്‍ തന്നെ ഇല്ലാതാക്കുകയാണ്. കേരളാ പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരൊക്കെയും അപ്രധാന തസ്തികകളിലേക്ക് ഒതുക്കപ്പടുമ്പോള്‍ പാര്‍ട്ടിയുടെ ഏറാന്‍മൂളികളും അഴിമതിവീരന്മാരും സുപ്രധാന തസ്തികകളിലേക്ക് എത്തിയിരിക്കുന്നു. അവര്‍ അവിടെ തുടരുകയും ചെയ്യുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ മുഴുവന്‍ സ്ഥലം മാറ്റുന്നു എന്നതാണ് ഏറ്റവും പുതിയ പ്രശ്‌നം.

ഒറ്റപ്പാലം എസ് ഐ വിപിന്‍ വേണുഗോപാലിന്റേതാണ് ഏറ്റവും അവസാനത്തെ ശ്രദ്ധേയമായ സ്ഥലംമാറ്റം. ഒറ്റപ്പാലത്ത് ചാര്‍ജ്ജ് എടുത്തിട്ട് വെറും ഒരുമാസമേ ആയിട്ടുള്ളൂ. സാധാരണ ഒരു ഉദ്യോഗസ്ഥന്‍ സ്ഥാനമേറ്റാല്‍ രണ്ടു മുതല്‍ മൂന്നുവര്‍ഷം വരെ ആ സ്ഥലത്ത് തുടരാം. ആരോപണങ്ങളോ ലോക്കപ്പ് മര്‍ദ്ദനം പോലെയുള്ള പരാതികളോ ഉണ്ടായില്ലെങ്കില്‍, താരതമ്യേന കുഴപ്പക്കാരനല്ലാത്ത ഓഫീസറാണെങ്കില്‍ ഈ കാലാവധി പൂര്‍ത്തിയാക്കിയേ അടുത്ത സ്ഥലത്തേക്ക് മാറ്റാറുള്ളൂ. ഇവിടെ വെറും ഒരുമാസം കഴിഞ്ഞപ്പോള്‍ വിപിന്‍ വേണുഗോപാലിനെ സ്ഥലം മാറ്റിയത് സി പി എമ്മിന്റെ പ്രാദേശിക നേതൃത്വം ഒരു മോഷണക്കേസ് പ്രതിയെ രക്ഷിക്കാനായി കേസ് ഒതുക്കാന്‍ ആവശ്യപ്പെട്ടത് അനുസരിക്കാഞ്ഞതു കൊണ്ടാണ്. പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് സ്ഥലം മാറ്റപ്പെട്ട എസ് ഐയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിപിന്റെ പേരിലുള്ള ആരോപണം രസകരമാണ്. ഒറ്റപ്പാലം നഗരസഭയില്‍, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ എട്ടുതവണ മോഷണം നടന്നു. കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും കല്യാണം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയവരും അടക്കമുള്ളവരുടെ പണമാണ് മോഷണം പോയത്. ഏറ്റവും അവസാനം 2019 ജൂണ്‍ 20 ന് സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗില്‍ നിന്ന് 38,000 രൂപ മോഷണം പോയി.

ചുമതലയേറ്റ പുതിയ എസ് ഐ, ബാഗിലെ വിരലടയാളങ്ങള്‍ പരിശോധിക്കുകയും ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണത്തിലേക്ക് നീങ്ങുകയും ചെയ്തു. ഈ അന്വേഷണം നാല് കൗണ്‍സിലര്‍മാരിലേക്ക് എത്തി. നുണപരിശോധനയ്ക്ക് രണ്ട് കൗണ്‍സിലര്‍മാരെ വിധേയരാക്കണമെന്ന നിര്‍ദ്ദേശം വന്നപ്പോഴാണ് ലഭ്യമായ സൂചനകളില്‍ നിന്ന് കൗണ്‍സിലറും സി പി എം പ്രാദേശിക നേതാവുമായ ബി സുജാതയാണ് പ്രതിയെന്ന് കണ്ടെത്തിയത്. മെയ് 21 ന് ബി ജെ പി കൗണ്‍സിലറുടെ 8000 രൂപയും ബാങ്ക് പാസ്ബുക്കും ഒക്കെയടങ്ങിയ കവര്‍ ഒരു സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ഓഫീസില്‍ നിന്ന് മോഷണം പോയിരുന്നു. മെയ് 29 ന് രണ്ട് ജീവനക്കാരുടെ അര പവന്‍ സ്വര്‍ണ്ണവും 14,000 രൂപയും നഷ്ടപ്പെട്ടിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ ഒരാളിന്റെ പണവും നഷ്ടപ്പെട്ടു. എട്ടുതവണ നടന്ന മോഷണവും കൗണ്‍സിലര്‍ ബി സുജാത തന്നെയാണ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സി പി എമ്മിന്റെ വരോട് ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സുജാതയെ കേസില്‍ പ്രതിചേര്‍ത്തു. അവരെ പ്രതിയാക്കാതെ രക്ഷപ്പെടുത്താനുള്ള പാര്‍ട്ടി നിര്‍ദ്ദേശം തള്ളിയതാണ് എസ് ഐയുടെ സ്ഥലംമാറ്റത്തിന് കാരണം. രാഷ്ട്രീയ വിധേയത്വമില്ലാതെ, നട്ടെല്ല് വളയ്ക്കാതെ സത്യസന്ധമായി പ്രവര്‍ത്തിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്ക് പിണറായി വിജയന്‍ നല്‍കിയ സമ്മാനമാണ് ഈ സ്ഥലംമാറ്റം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നുവന്ന, മധ്യപ്രദേശിലെ വ്യാപം അഴിമതിയേക്കാള്‍ വലിയ വിവാദമായ പരീക്ഷാ തട്ടിപ്പും പി എസ് സി പരീക്ഷാ തട്ടിപ്പും പുറത്തുവന്നത് കന്റോണ്‍മെന്റ് എസ് ഐ ആയിരുന്ന ബിജുവിന്റെ അന്വേഷണത്തിലാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നേതാവും വിദ്യാര്‍ത്ഥിയുമായ അഖിലിനെ കുത്തിയ കേസിലെ ഒന്നാംപ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറുകള്‍ കെട്ടുകണക്കിന് കണ്ടെടുത്തത്. ഒപ്പം സര്‍വ്വകലാശാല കായികവകുപ്പ് മേധാവിയുടെ സീലും കണ്ടെടുത്തിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിക്കാതെ രഹസ്യമാക്കി വെച്ചില്ല എന്ന കുറ്റത്തിനാണ് എസ് ഐ ബിജുവിന് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം നല്‍കിയത്. എസ് എഫ് ഐയുടെ യൂണിറ്റ് ഓഫീസില്‍ നിന്നും റോള്‍നമ്പര്‍ എഴുതിയതും അല്ലാത്തതുമായ നൂറിലേറെ ഉത്തരക്കടലാസുകളും ബോട്ടണി വിഭാഗം പ്രൊഫ. എസ് സുബ്രഹ്മണ്യന്റെ ഓഫീസ് സീലും കണ്ടെത്തി. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനും പി എസ് സി നിയമനത്തിനും ഉപയോഗിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന സംശയത്തിലേക്കാണ് ഈ കണ്ടെത്തലുകള്‍ എത്തിയത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അംഗമായ ഒരു മുന്‍ എം എല്‍ എയുടെ സ്‌പോര്‍ട്‌സ് അസോസിയേഷന്റെതാണ് ഇവരടക്കമുള്ള എസ് എഫ് ഐ നേതാക്കള്‍ ഉപയോഗിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്ന കാര്യം പ്രസക്തമാണ്. ഈ സംഭവങ്ങള്‍ പുറത്തുവരാതെ, സീലും ഉത്തരപേപ്പറുകളും മുക്കാതെ സത്യസന്ധമായി ജോലി ചെയ്തതിനാണ് എസ് ഐ ബിജുവിന് പിണറായി സ്ഥലംമാറ്റം നല്‍കിയത്.

ബിജുവും വിപിനും പിണറായിയുടെയും സി പി എം വാലാട്ടികളുടെയും കണ്ണിലെ കരടാണെങ്കിലും നിഷ്പക്ഷരായ ജനങ്ങളുടെ കണ്ണിലുണ്ണികളായി മാറിയിരിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന എല്ലാ പി എസ് സി പരീക്ഷകളും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. പി എസ് സിയില്‍ ജോലി വാങ്ങാനായി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നല്‍കിയിട്ടുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. വ്യാപം അഴിമതിയേക്കാള്‍ വലിയ കുംഭകോണമാണ് പരീക്ഷാ തട്ടിപ്പിലൂടെയും വ്യാജസര്‍ട്ടിഫിക്കറ്റുകളിലൂടെയും എസ് എഫ് ഐയും അവരെ സംരക്ഷിക്കുന്ന സി പി എമ്മും നടത്തിയിരിക്കുന്നത്.

പിണറായി വിജയന് സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഉണ്ടെങ്കില്‍ ഈ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലായിരുന്നു. മുഖ്യമന്ത്രി രാഷ്ട്രീയത്തിന് അതീതമായി ഭരണഘടനയോടുള്ള ബാധ്യത നിറവേറ്റി പ്രവര്‍ത്തിക്കേണ്ട ആളാണ്. ഭരണഘടനയോട് കൂറോ വിശ്വാസമോ വിധേയത്വമോ ഉണ്ടായിരുന്നെങ്കില്‍ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കുമായിരുന്നു. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇടുക്കിയിലെ നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ കൃത്യവിലോപം നടത്തിയെന്ന് ഉറപ്പായ എസ് പി വേണുഗോപാലിനെയും വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പിണറായി വിജയന്‍ ക്ലീന്‍ചിറ്റ് നല്‍കിയ റൂറല്‍ എസ് പി എ.വി. ജോര്‍ജ്ജിനെയും രക്ഷിക്കാന്‍ വേണ്ടി നടത്തിയ പരിശ്രമം കൂടി ഓര്‍ക്കുമ്പോഴാണ് പിണറായിയുടെ തനിനിറം ബോധ്യപ്പെടുക. അടിയന്തിരാവസ്ഥയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റു, പോലീസ്‌രാജ് ഉണ്ടാകില്ല, പോലീസില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാകില്ല തുടങ്ങി പറഞ്ഞ വാക്കിന് പഴയ കീറച്ചാക്കിന്റെ വിലപോലും ഇല്ലാതാക്കിയ പിണറായീ, അങ്ങ് ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഭാരമായി മാറിയിരിക്കുന്നു.

678 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close