തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഖില്‍ തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് ആശുപത്രി വിട്ടത്. രണ്ട് മാസത്തേക്ക് പൂര്‍ണ വിശ്രമം ആവശ്യമാണെന്നും, അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നും ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.
ഈ മാസം പന്ത്രണ്ടിന് യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ തമ്മിലുണ്ടായ അക്രമത്തിലാണ് അഖിലിന് നെഞ്ചില്‍ കുത്തേറ്റത്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി അഖില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു.
എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായിരുന്ന ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖില്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ശിവരഞ്ജിത്ത്, മുന്‍ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി സെക്രട്ടറി നസീം, എസ്എഫ്ഐ പ്രവര്‍ത്തകരായ അമര്‍, അദ്വൈത്, ആദില്‍,ആരോമല്‍, ഇബ്രാഹിം എന്നിവര്‍ റിമാന്‍ഡിലാണ്.