കൊച്ചി: മത്സ്യമാര്‍ക്കറ്റുകളിലെ മീന്‍വില ഇനി മെബൈല്‍ ഫോണിലറിയാം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐയാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നത്. മത്സ്യമാര്‍ക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
രാജ്യത്തെ 1500 മത്സ്യമാര്‍ക്കറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ആദ്യഘട്ടത്തില്‍ കേരളമുള്‍പ്പെടെ ഏഴ് തീരദേശ സംസ്ഥാനങ്ങളിലെ 500 മാര്‍ക്കറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 50 മാര്‍ക്കറ്റുകള്‍ ഇതില്‍ ഉണ്ടാകും. മൊത്തവ്യാപര മാര്‍ക്കറ്റുകള്‍, ലാന്‍ഡിംഗ് സെന്ററുകള്‍, കൃഷിഉല്‍പാദന മാര്‍ക്കറ്റുകള്‍ ,ചില്ലറ വ്യാപാരമാര്ക്കറ്റുകള് എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും.
ഓരോ മാര്‍ക്കറ്റുകളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും ആഴ്ചതോറുമുള്ള മീന്‍വിലയും ഇലക്ട്രോണിക് ടാബ് വഴി ശേഖരിച്ച് ഓണ്‍ലൈന്‍ ഡാറ്റാബേസ് തയ്യാറാക്കും. മാര്‍ക്കറ്റുകളുടെ സ്ഥിതിവിവരം, ഗതാഗത സൗകര്യം, വില്‍പ്പനയ്ക്കായുള്ള മീനുകള്‍, വിപണന സമയം, 150 ഓളം മത്സ്യങ്ങളുടെ ശരാശരി വില, കൂടുതല്‍ ആവശ്യക്കാരുള്ള മീനുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വൈബ്സൈറ്റില്‍ ശേഖരിക്കും. ഒക്ടോബര്‍ മുതല്‍ www.nfdb.gov.in, www.cmfri.org.in എന്നി വൈബ്സൈറ്റുകളില്‍ വിവരങ്ങളറിയാന്‍ കഴിയും.
സിഎംഎഫ്ആര്‍ഐയിലെ സാമൂഹിക-സാമ്പത്തിക അവലോകന വിഭാഗം പ്രിന്‍സിപ്പല്‍ ഗവേഷകന് ഡോ ശ്യം എസ് സലീമാണ് പദ്ധതിയുടെ മുഖ്യഗവേഷകന്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ(എന്‍എഫ്ഡിബി) സാമ്പത്തിക സഹായത്തോടെയാണ് സിഎംഎഫ്ആര്‍ഐ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി.