തൃശൂര്‍: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിനിടെ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്ക്കെതിരെ പരാതി. ആനയും ആളും തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടം നിലനില്‍ക്കെ കുട്ടിയെ തോളിലേറ്റി ആനയെ തൊട്ടത് ശിക്ഷാര്ഹമാണന്നു ചൂണ്ടിക്കാട്ടിയാണു പരാതി. ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് ആണ് ഇതു സംബന്ധിച്ചു ഗവര്‍ണര്‍ക്കും വനംവകുപ്പിനും ബാലാവകാശ കമ്മീഷന് ചെയര്‍മാനും ഡിജിപിയ്ക്കും പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം ശ്രീ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിനിടെയിലാണ് യതീഷ് ചന്ദ്ര മകനെ തോളിലേറ്റി ആനയുടെ അടുത്തിടപഴകിയത്. തൃശൂര്‍ പൂരത്തിന്റെ സമയത്ത് ഈ അകലം കര്‍ശനമായി നടപ്പിലാക്കിയ വ്യക്തിയാണു യതീഷ് ചന്ദ്ര. ഇത്തരത്തില്‍ നിയമം അറിയാവുന്ന വ്യക്തി തന്നെ നിയമലംഘനം നടത്തിയതു വിരോധാഭാസമാണെന്നു ആനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലം ആരോപിച്ചു.