ബെയ്ജിങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ നടന്ന കൂടിക്കാഴ്ച്ചയിൽ സാമ്പത്തിക, ശാസ്ത്ര, സാംസ്കാരിക രംഗങ്ങളിലെ ബന്ധം ശക്തമാക്കാനുള്ള നടപടികളെക്കുറിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും സംസാരിച്ചു. ദേശീയ അന്തർദേശീയ വികസനങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ ഷെയ്ഖ് മുഹമ്മദ് ഷി ജിൻപിങിനെ അറിയിച്ചു. ചൈനീസ് റിപ്പബ്ലിക്കിന്റെ എഴുപതാം വാർഷികത്തിന് ശൈഖ് മുഹമ്മദ് ആശംസകൾ നേർന്നു. സാങ്കേതിക രംഗം, ബഹിരാകാശം, വ്യവസായം, നിക്ഷേപം, ഊർജം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ യു.എ.ഇയും ചൈനയും പിന്തുടർന്ന് വരുന്ന പങ്കാളിത്തം ഏറെ ശക്തമാണെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. .ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുശക്തമാക്കുന്നതിൽ അബുദാബി കിരീടാവകാശിയുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രസിഡന്റ് ഷി.ജിൻപിങ് പറഞ്ഞു.
യു.എ.ഇ ഉപപ്രധാന മന്ത്രി ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എയർപോർട്ട് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തനൂൻ അൽ നഹ്യാൻ, ധനമന്ത്രി സുൽത്താൻ ബിൻ സായിദ് അൽ മൻസൂരി, ഊർജ വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫരാജ് ഫാരിസ് അൽ മാസ്റോയി, വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമാദി, സാംസ്കാരിക വൈജ്ഞാനിക മന്ത്രി നൗറ ബിൻ മുഹമ്മദ് അൽ കാബി, സ്റ്റേറ്റ് മന്ത്രി ഡോ: സുൽത്താൻ അൽ ജാബർ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലി ബിൻ ഹമദ് അൽ ഷംസി, ചൈന യു.എ.ഇ സ്ഥാനപതി ഡോ: അലി ഒബൈദ് അൽ ദാഹിരി തുടങ്ങിയ യു.എ.ഇയിൽ നിന്നുള്ള പ്രതിനിധി സംഘവും കൂടിക്കാഴ്ച്ചയിൽ ഭാഗമായി.