വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വോഷണ ഏജന്‍സിയായ സിഐഎയുടെ 17 ചാരന്മാരെ പിടികൂടിയെന്ന ഇറാന്റെ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് വാര്‍ത്ത നിഷേധിച്ചത്.
ഇറാന് അമേരിക്കന്‍ ചാരന്മാരെ പിടികൂടിയെന്ന വാദം പൂര്‍ണമായും തെറ്റാണ്. ഇറാന് പ്രചരിപ്പിക്കുന്ന ഓരോ കള്ളങ്ങളും പരാജയപ്പെടുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സമ്പത്ത് വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നെന്നും ഇനിയും കൂടുതല്‍ തകര്‍ച്ചയിലേക്കാണ് ഇറാന് പോയിക്കൊണ്ടിരിക്കുന്നതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ 17 ചാരന്മാരെ പിടികൂടിയതായി ഇറാന് ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിഐഎയുടെ വന്ചാരശൃംഖല തകര്‍ക്കുകയും 17 പേരെ അറസ്റ്റ് ചെയ്തുവെന്നും ചിലര്‍ക്ക് വധശിക്ഷ വിധിച്ചുവെന്നുമാണ് ഇറാന് ഇന്റലിജന്‍സ് മന്ത്രാലയത്തെ ഉദ്ധരിച്ചു സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
സൈനികം, സാമ്പത്തികം, ആണവം, അടിസ്ഥാനസൗകര്യ വികസനം, സൈബര്‍ തുടങ്ങിയ മേഖലകളിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നവരെയാണ് ചാരപ്രവര്‍ത്തനം ആരോപിച്ചു ഇറാന് പിടികൂടിയിരിക്കുന്നത്. ഇറാനില്‍ നിന്നും അതീവരഹസ്യവിവരങ്ങള്‍ ചോര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.