ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകരായ ബാലഗംഗാധര തിലകനും ചന്ദ്രശേഖര്‍ ആസാദിനും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇന്ന് രാവിലെ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വ്യത്യസ്ത വര്ഷങ്ങളിലാണെങ്കിലും ഒരേ തിയതിയില്‍ ജനിച്ച തിലകനേയും ആസാദിനേയും അനുസ്മരിച്ചത്. തിലകന്റെ 163ഉം ആസാദിന്റെ 113-ഉം ജന്മവാര്ഷിക അനുസ്മരണച്ചടങ്ങിലാണ് പ്രധാനമന്ത്രി വീരവിപ്ലവകാരികളുടെ സംഭാവനകളെ പ്രകീര്‍ത്തിച്ചത്.
തന്റെ ജീവിതം മുഴുവന്‍ പൂര്‍ണ്ണ സ്വരാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിത്വമാണ് തിലകനെന്ന് മോദി അനുസ്മരിച്ചു. ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങളെ തിരിച്ചറിയുകയും തെറ്റുകള്‍ക്കെതിരെ പോരാടുകയും ചെയ്ത വ്യക്തിത്വമായിരുന്നു തിലകനെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.1856ല്‍ മഹാരാഷ്ട്രയിലെ ചിക്ലിയിലായിരുന്നു തിലകന്റെ ജനനം. അതേസമയം ആസാദിനെ ‘ഭയരഹിതനും ദൃഢനിശ്ചയമുള്ളവനുമെന്നാണ് ‘ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. 1906ല്‍ ഇതേദിവസം തന്നെ മധ്യപ്രദേശിലെ ഭാര്വ്വയില് ജനിച്ച് ബ്രിട്ടിഷുകാരനുമുന്നില് തോല്ക്കാന് തയ്യാറാകാതെ, പോരാടി വീരാഹുതി വരിച്ച ആസാദിന്റെ ജീവിതമാണ് ഭാരതീയ യുവത്വത്തെ സ്വാതന്ത്രസമരതീച്ചൂളയിലേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിച്ചതെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.