വയനാട്: തമിഴ്നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. ഇക്കഴിഞ്ഞ 21ന് രാത്രി അമ്പലവയല്‍ ടൗണില്‍ വച്ചാണ് സജീവാനന്ദ് എന്നയാള്‍ ദമ്പതികളെ മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഞായറാഴ്ച രാത്രി അമ്പലവയല്‍ ടൗണില്‍ വച്ച് തമിഴ്നാട് സ്വദേശികളായ യുവതിയേയും യുവാവിനെയും സജീവാനന്ദന് എന്നയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്ദ്ദനമേറ്റവരേയും സജീവാനന്ദിനേയും നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും യുവാവും യുവതിയും പരാതി നല്കാന് തയ്യാറായില്ല. തുടര്‍ന്ന് പോലീസ് കേസെടുക്കാതെ പ്രതിയെ വിട്ടയക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന് നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.
അമ്പലവയല്‍ സ്വദേശി തന്നെയായ പ്രതി സജീവാനന്ദിനെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ തുടരുകയാണ്. മര്‍ദ്ദനമേറ്റ യുവാവും യുവതിയും എവിടെയാണെന്നതിനെ കുറിച്ചും ഇതു വരെ വ്യക്തതയില്ല.