കൊച്ചി: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിഎസ്സിയില് ക്രമക്കേട് നടത്തിയതിന് പിന്നാലെ സംവരണ വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച തസ്തികകളിലും പിഎസ്സി നിയമന തട്ടിപ്പ് നടന്നു എന്ന ആരോപണവുമായി പി ടി തോമസ് എംഎല്‍എ . 2015 ല്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അര്‍ഹമായ നിയമനം നല്‍കാതെ അട്ടിമറി നടന്നത് . ഈ വിഷയങ്ങളില്‍ സി ബി ഐ അന്വേഷണം അനിവാര്യമെന്നും പി ടി തോമസ് പറഞ്ഞു . ഇക്കാര്യത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി പി ടി തോമസ് എം എല്‍ എ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി .
2015 നിലവില്‍ വന്ന സംവരണ വിഭാഗങ്ങള്‍ക്കുള്ള പോലീസ് സബ് ഇന്‍സ്പെക്ട്ടര്‍ തസ്തികയിലാണ് അട്ടിമറി നടന്നത് . റാങ്ക് ലിസ്റ്റ് നിയമനം നടത്തിയത് അര്‍ഹമായവര്‍ക്ക് നീതി നിഷേധിച്ചാണ്. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ ട്രിബ്യൂണലിനെ സമീപിക്കുകയും സംവരണ ആനുകൂല്യം ഉറപ്പാക്കി മാത്രമേ നിയമനം നടത്താവൂ എന്ന് വിധി സമ്പാദിക്കുകയും ചെയ്തിരുന്നു . എന്നാല്‍ ട്രിബ്യൂണല്‍ വിധിയെ അട്ടിമറിച്ചാണ് നിയമനം നടത്തുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
നാല്പത്തി ഏഴോളം തസ്തികയിലേക്കാണ് അഴിമതി നിയമനം നടന്നത്. സംവരണ വിഭാഗങ്ങളില്‍ നിന്നല്ലാതെ മറ്റു വിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ ഈ തസ്തികയിലേക്ക് നിയമനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.