തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്തു മഴക്കാല രോഗങ്ങളും വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്. ജൂലൈ 21 ഞായര്‍ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263305 പേരാണ് പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത്.
ഈ മാസം മാത്രം വിവിധ പകര്‍ച്ചവ്യാധികള്‍ കാരണം 26 പേരാണ് മരിച്ചത്. എച്ച് 1 എന്‍1 ,ഡെങ്കിപ്പനി എന്നിവയാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 110 പേര്‍ക്ക് എച്ച്1എന്‍1, 527 പേര്‍ക്ക് ഡെങ്കിപ്പനിയുമാണ് പിടിപെട്ടത്.
ഡെങ്കിപ്പനിയേക്കാള്‍ എച്ച്1 എന്‍1 കേസുകള്‍ കുറവാണെങ്കിലും മരണ നിരക്ക് കൂടുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വായുവിലൂടെ പകരുന്ന എച്ച്1എന്‍1 പനിയെ ഗൗരവത്തോടെ കാണണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങളും കൂടുതലാണ്. ചിക്കന്‍പോക്സ്, ചെള്ള് പനി, മുണ്ടിവീക്കം എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശുചിത്വം ഉറപ്പാക്കാനും സ്വയംചികില്‍സ ഒഴിവാക്കണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.