ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസ്- ജെഡിഎസ് സർക്കാർ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ. കർണാടകത്തിൽ വികസനത്തിന്റെ പുതുയുഗം ഇവിടെ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാനാകാതെ സഖ്യസർക്കാർ വീണവിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകിയാകും തങ്ങൾ പ്രവർത്തിക്കുകയെന്നും യെദിയൂരപ്പ പറഞ്ഞു.
അതേസമയം, വിമത എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ച ശേഷം മാത്രമേ അവർ ബിജെപിയിൽ ചേരുമോയെന്ന് പറയാനാകൂവെന്ന് ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ പറഞ്ഞു. തീരുമാനം അവരാണ് എടുക്കേണ്ടത് തങ്ങളല്ല. കർണാടകത്തിൽ സുസ്ഥിരമായൊരു സർക്കാരുണ്ടാക്കുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സഖ്യസർക്കാർ വീണതിനെ തുടർന്ന് കർണാടകത്തിൽ ബിജെപി പ്രവർത്തകർ ആഘോഷ പ്രകടനങ്ങൾ ആരംഭിച്ചു. ബിജെപി സംസ്ഥാന കാര്യാലയത്തിലടക്കം പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിക്കുകയാണ്.