ബംഗളൂരു: 4 ദിവസം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നു. 14 മാസങ്ങള്‍ക്കു മുന്‍പ് സഭയില്‍ വിശ്വാസം തെളിയിക്കാനാകാതെ കണ്ണീരോടെ ഇറങ്ങിപ്പോയ യെദ്യൂരപ്പ ഇക്കുറി വിജയചിഹ്നങ്ങളുയര്ത്തി. നാളെ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കുമെന്ന് ബിജെപി വ്യക്തമാക്കി.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് വിശ്വാസ വോട്ടെടുപ്പിന് ശേഷം യെദ്യൂരപ്പ പ്രതികരിച്ചു. കര്‍ഷകര്‍ക്ക് ഇനി നല്ലകാലമാണെന്നും വികസനത്തിന്റെ പുതിയ വര്‍ഷം ഇന്ന് മുതല്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപിയും വ്യക്തമാക്കി. എന്നാല്‍ ജെഡിഎസുമായുള്ള സഖ്യത്തിന്റെ കാര്യം പുനപരിശോധിക്കുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെയാണ് 14 മാസം മാത്രം പ്രായമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണത്. 99 പേര് സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ 105 പേര് സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ആകെ 204 എംഎല്‍മാരാണ് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തത്.
16 വിമത എംഎല്‍എമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് സര്‍ക്കാരിന്റെ ഭാവി തുലാസില്‍ ആയിരുന്നത്. രണ്ട് സ്വതന്ത്ര എംഎല്‍എമാരും സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു വിമതര്‍.
7.20ഓടെയാണ് സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് സഭയിലെത്തിയ ഇരുഭാഗങ്ങളിലുള്ള എംഎല്‍എമാരുടെ തലയെണ്ണല്‍ ആരംഭിച്ചു. തലയെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ കണക്ക് സ്പീക്കര്‍ക്ക് കൈമാറി. ഇതോടെയാണ് സഖ്യസര്‍ക്കാര്‍ വീണെന്ന കാര്യം ഉറപ്പായത്.