Qatar

കുമ്മനം രാജശേഖരന് ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ ഉജ്ജ്വല സ്വീകരണം.

ഖത്തർ സന്ദർശനത്തിനായെത്തിയ മുന്‍ മിസ്സോറാം ഗവര്‍ണറും മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന് ഓവര്‍സീസ്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ  ഊഷ്‌മള സ്വീകരണം നല്‍കി. ഒഎഫ്‌ഐ പ്രസിഡന്റ്‌ കെആര്‍ജി പിള്ളയുടെ ആധ്യക്ഷതയില്‍ ദോഹ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ഹാളിലായിരുന്നു സ്വീകരണ ചടങ്ങ്‌ ഒരുക്കിയത്.പഞ്ചവാദ്യത്തിന്റെ അക്മപടിയോടെയാണ്  പ്രവര്‍ത്തകര്‍ കുമ്മനം രാജശേഖരനെ വേദിയിലേക്ക്‌ സ്വീകരിച്ചത്.മാറി മാറി വരുന്ന സംസ്‌ഥാന സര്‍ക്കാരുകളും  കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയ നേതാക്കളും അവഗണിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കുമ്മനം സംവദിച്ചു.

വാര്‍ഷികാവധിയില്‍ പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ  ഉയര്‍ന്ന വിമാനക്കൂലിയെക്കുറിച്ച്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റേയും വ്യോമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഭാവി പദ്ധതികളും അദ്ദേഹം ഒഎഫ്‌ഐ പ്രവര്‍ത്തകരോട്‌ പങ്കുവച്ചു.കൂടാതെ കേന്ദ്ര സർക്കാരിന്റെ വിവിധ പ്രവാസിക്ഷേമ പദ്ധിതികളെ പറ്റിയുംഅദ്ദേഹം  വിശദീകരിച്ചു.പ്രവാസികളെ ശത്രുക്കളായി കാണുന്ന നിലപാടാണ്‌ സംസ്‌ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിനുള്ളത്‌. പ്രവാസി പ്രശ്‌നപരിഹാരത്തിന്‌ ലോകകേരള സഭ രൂപീകരിച്ച സര്‍ക്കാര്‍ തന്നെയാണ്‌ പുനലൂരിലും ആന്തൂരിലും രണ്ട്‌ പ്രവാസി സംരംഭകരെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ടത്‌. ഇടതുപക്ഷത്തിന്റെ കാപട്യവും ആത്മാര്‍ഥതയില്ലാത്ത സമീപനവുമാണ്‌ ഇതില്‍ തെളിയുന്നതെന്ന്‌ കുമ്മനം ചൂണ്ടിക്കാട്ടി.

ശരിയായ ജലസംരക്ഷണ നയമില്ലെന്നതാണ്‌ സംസ്‌ഥാനം നേരിടുന്ന വലിയ പ്രതിസന്ധി. 43 നദികളുള്ള കേരളത്തില്‍ മഴക്കാലത്ത്‌ പെയ്‌ത്തുവെള്ളം ആറു മണിക്കൂര്‍ കൊണ്ട്‌ കടലിലെത്തുന്നു. ഭൂഗര്‍ഭജലനിരപ്പ്‌ ഉയര്‍ത്തിനിര്‍ത്താന്‍ സഹായിച്ചിരുന്ന വയലുകളുടെ വലിയ ഭാഗവും നികത്തപ്പെട്ടു. പശ്‌ചിമഘട്ടത്തിലെ കൈയേറ്റവും മഴവെള്ള സംഭരണത്തിന്‌ സംവിധാനമില്ലാത്തതും മൂലം ഭൂഗര്‍ഭജലനിരപ്പ്‌ അപകടകരമാം വിധം താഴുകയാണ്‌. രണ്ടു ദിവസം വെയില്‍ തെളിഞ്ഞാല്‍ കേരളത്തില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിന്‌ കാരണം ഇതാണ്‌. കടലിലേക്ക്‌ ഓടുന്ന മഴവെള്ളത്തെ ഭൂമിയിലേക്ക്‌ താഴുംവിധം നടത്തിക്കൊണ്ടുപോകാന്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ അധികം വൈകാതെ കേരളം ചൈന്നൈ നഗരത്തിനു സമാനമായ കുടിവെള്ള ക്ഷാമം നേരിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

വയല്‍ നികത്തിയും കൃഷി ഉപേക്ഷിച്ചും കേരളം അപകടകരമായ ഭക്ഷ്യപ്രതിസന്ധിയിലേക്കു നീങ്ങുമ്പോള്‍, കടല്‍കടന്നെത്തിയ മലയാളി പ്രവാസികള്‍ പ്രതികൂല കാലാവസ്‌ഥയിലും വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ജൈവരീതിയില്‍ വിളയിച്ച്‌ ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പങ്കാളികളാകുന്നത്‌ പ്രശംസനീയമാണെന്ന്‌ കുമ്മനം പറഞ്ഞു. രാജ്യത്തിന്റെ ജലസുരക്ഷ ഉറപ്പാക്കാന്‍ മെഗാ റിസര്‍വോയര്‍ പദ്ധതി നടപ്പാക്കുന്ന ഖത്തര്‍ ഭരണകൂടത്തിന്റെ മികച്ച നടപടി കേരളം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഖത്തറിലെ ഇന്ത്യന്‍ സ്‌ഥാനപതി പി. കുമരനെ സന്ദര്‍ശിച്ച രാജശേഖരന്‍ ദോഹയിലെ പ്രമുഖ മലയാളി മാധ്യമ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തിയാണ്‌ മടങ്ങിയത്‌.

49 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close