അബ്ദുല്‍ കലാം ഓര്‍മയില്‍ ഇന്ന് നാല് വയസ്സ്. ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാന്‍ കുതിച്ചു ഉയര്‍ന്നപ്പോള്‍ ഒരു നിമിഷമെങ്കിലും നമ്മള് ഈ മുഖം ഓര്‍ത്തിരിക്കാം. നമ്മുടെ സ്വപ്നങ്ങള്‍ അഗ്നിചിറകുകള്‍ നല്കിയ വ്യക്തി. 2015 ജൂലൈ 27 ന് ഷില്ലോങില്‍ വിദ്യാര്‍ത്ഥികളുമായി സംവാദിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു നമ്മെ വിട്ടുപോകുമ്പോള്‍ ഏതൊരു ഇന്ത്യന്‍ പൗരന്റെയും മനസ്സ് പിടഞ്ഞിരുന്നു.
രാഷ്ട്രപതി, ശാസ്ത്രജ്ഞന് എന്നതിലുപരി നമ്മള് ഇഷ്ടപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ്. എത്ര ഉയരങ്ങള്‍ കീഴടക്കിയാലും ഒരു വ്യക്കി എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ. എ പി ജെ അബ്ദുല്‍ കലാം. ജനകീയനയങ്ങളാല്‍ ജനങ്ങളുടെ രാഷ്ട്രപതിയായി അറിയപ്പെട്ട അദ്ദേഹം ശാസ്ത്രജ്ഞന് മാത്രമായിരുന്നില്ല. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന് കൂടിയായിരുന്നു. ‘ഇന്ത്യ 2020’ എന്ന പുസ്തകം 2020ല്‍ ലോകത്തെ ആദ്യ നാലു സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യയെ എങ്ങനെ എത്തിക്കാം എന്നതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ്.
എപ്പോഴും വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തന്റെ പ്രസംഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിരുന്നു. സ്വപ്നം എന്ന വാക്കിന് കലാം നല്കിയ നിര്വചനത്തെക്കാള് മറ്റൊരു അര്‍ത്ഥം ആര്‍ക്കും നല്കാന് കഴിയില്ല. ഉറക്കത്തില്‍ കാണുകയും ഉണരുമ്പോള്‍ മാഞ്ഞുപോവുകയും ചെയ്യുന്ന വെറുമൊരു പരിമിതാര്‍ത്ഥത്തിലല്ല ഉറങ്ങാന്‍ അനുവദിക്കാത്ത തരത്തില്‍ നമ്മെ വേട്ടയാടുന്നതെന്തോ അതാണ് യഥാര്‍ത്ഥ സ്വപ്നമെന്ന് കലാം നമ്മൊട് വിളിച്ചുപറഞ്ഞു.
രാജ്യത്തെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച വ്യക്തി. തമിഴ്നാട്ടിലെ രാമേശ്വരത്തെ ദരിദ്രനായ ബാലനെ ലോകമെങ്ങും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമാക്കി തീര്‍ത്തത് അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയ സ്വപ്നമായിരുന്നു. അദ്ദേഹം പകര്‍ന്നു തന്ന അഗ്നിയില്‍ ഇന്നു ലോകത്തിന്റെ അഭിമാനമായി ഇന്ത്യ മാറിയിരിക്കുന്നു.
വെറും വാക്കുകളിലൂടെ പറയാതെ ജീവിതം തെളിവായി കാണിച്ചു തന്ന പ്രതിഭ നമ്മെ വിട്ടുപോയാലും ഇന്നും മനുഷ്യമനസ്സുകളില്‍ മായാതെ ഒരു അഗ്നി നാളമായി അദ്ദേഹം കാണും. അബ്ദുല്‍ കലാമിന്റെ ഓര്‍മ്മയില്‍ ഒരായിരം പ്രണാമങ്ങള്‍.