ഗുജറാത്ത്: മെഹ്സന പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ഇടയില്‍ ടിക് ടോക് വീഡിയോകള്‍ എടുത്ത വനിത കോണ്‍സ്റ്റബിളിന് കിട്ടിയത് സസ്പെന്ഷന്. ലോക് രക്ഷാ ദള്‍ (എല്‍ആര്‍ഡി) റിക്രൂട്ട്മെന്റ് വനിതാ കോണ്‍സ്റ്റബിള്‍ അര്‍പിത ചൗധരിയ്ക്കാണ് സസ്പെന്ഷന് ലഭിച്ചത്.
സമൂഹ മാദ്ധ്യമമായ ടിക് ടോക്കില്‍ അര്‍പിത പോലീസ് സ്റ്റേഷനില്‍ വച്ചു ചിത്രീകരിച്ച വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്നു. വീഡിയോകള്‍ വൈറലായതോടെ ബുധനാഴ്ച നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഒരു വീഡിയോയില്‍ ലോക്കപ്പിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡ് ഗാനത്തിനു അര്‍പിത നൃത്തം ചെയ്യുന്നത് കാണാം. മറ്റൊരു വീഡിയോയില്‍ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സ്റ്റാഫായി പരാതികാരോട് സംസാരിക്കുന്നതു കാണാം.
പോലീസ് സ്റ്റേഷനില്‍ യൂണിഫോം ധരിക്കാതിരിക്കുക, ഡ്യൂട്ടിയില്‍ മെബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനം നടത്തിയതിനാലാണ് അര്‍പിത ചൗധരിയെ സസ്പെന്‍ഡ് ചെയ്തതെന്ന് മെഹ്സാന പോലീസ് സൂപ്രണ്ട് നിലേഷ് ജജാദിയ പറഞ്ഞു.
അര്‍പിത വിവിധ സ്റ്റേഷനുകളില്‍ വച്ചും ഇത്തരം വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.