തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസ് പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. കൊലപാതകത്തിന് പിന്നില്‍ കുറ്റകരമായ ഗൂഢാലോചന നടന്നുവെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത് രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലാണ്. പിന്നീട് അഖില്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് രാഖിയുടെ കഴുത്തില്‍ മുറുക്കി മരണം ഉറപ്പിക്കുകയായിരുന്നുവെനന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല നടത്തുന്നതിന് മുന്‍പ് തന്നെ മൃതദേഹം മറവ് ചെയ്യാനുള്ള കുഴി എടുത്തിരുന്നു.
അഖിലും രാഖിയും ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. അഖില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ രാഖി എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. മറ്റൊരു വിവാഹം കഴിച്ചാല്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി അഖിലിനെതിരെ പ്രചാരണം നടത്തുമെന്നും രാഖി ഭീഷണിപ്പെടുത്തിയിരുന്നു.
കേസിലെ മുഖ്യപ്രതി അഖിലിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് അഖില്‍ അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലും മൂന്നാം പ്രതിയും സുഹൃത്തുമായ ആദര്‍ശിനേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ 24 ന് വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്.