വയനാട് : തമിഴ്നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പിടിക്കാനാകാതെ പോലീസ്. അമ്പലവയല്‍ സ്വദേശിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ സജീവാന്ദനെയാണ് ഇനിയും പിടികൂടാത്തത്.
കഴിഞ്ഞ 21ന് രാത്രി അമ്പലവയല്‍ ടൗണില്‍ വച്ചാണ് സജീവാനന്ദന് ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.
സജീവാനന്ദന് കര്‍ണ്ണാടകയിലേക്ക് കടന്നതായി സംശയിക്കുന്നുവെന്നും
അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും നേരത്തെ പോലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസിനെതിരെ തുടക്കത്തിലേ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിയെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം മര്‍ദ്ദനത്തിനിരയായ ദമ്പതികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ഇരുവരില്‍ നിന്നും രഹസ്യമൊഴി എടുക്കും. ഇതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പോലീസ്. പ്രതിക്കെതിരെ കൂടുതല്‍ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് പോലീസ് നീക്കം. മര്‍ദ്ദനത്തില്‍ ദമ്പതികള്‍ക്ക് സാരമയി പരിക്കിറ്റിരുന്നു.