പാലക്കാട്: പാലക്കാട് കല്ലേക്കാട് എ ആര് ക്യമ്പിലെ പൊലീസുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്യാമ്പ് ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. കുമാറിന്റെ മരണ കാരണം ജാതീയ അധിക്ഷേപമാണെന്ന ഭാര്യയുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് എ.ആര് ക്യാമ്പില്‍ എത്തിയത്. ഇന്നലെ കുമാറിന്റെ ഭാര്യയുടെയും, ബന്ധുക്കളടേയും മൊഴി രേഖപ്പെടുത്തിയിരുന്നു.
നാല് ദിവസം മുന്‍പാണ് കല്ലേക്കാട് എ ആര് ക്യാമ്പിലെ ആദിവാസി യുവാവും പോലീസുകാരനുമായ കുമാറിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പിലെ സഹപ്രവര്‍ത്തകരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും മാനസിക പീഡനവും അധിക്ഷേപവും മൂലമാണ് കുമാര്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഭാര്യ സജിനി മൊഴി നല്‍കിയത്.
തുടര്‍ന്നാണ് എ ആര് ക്യാമ്പിലെ പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് ഡി.ഐ.ജിക്ക് നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കി. കുമാറിന്റെ മരണത്തിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആദിവാസി ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തിയിട്ടുണ്ട്.