തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ വധശ്രമക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 12-ാം പ്രതിയായ പെരിങ്ങമല കല്ലിയൂര്‍ ശാന്തിനി ഭവനില്‍ അക്ഷയിനെയാണ് (19) അറസ്റ്റ് ചെയ്തത്.
സിഐ ജി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ നിന്നാണ് അക്ഷയിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി. യൂണിവേഴ്സിറ്റി കേളേജിലെ എസ്എഫ്ഐ യൂണിറ്റ് അംഗമായിരുന്നു അക്ഷയ്.
കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളായ ആര്.ശിവരഞ്ജിത്ത്, എന്‍.എ നസീം, എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അദെെത്, ആരോമല്‍ എസ് നായര്‍, ആദില്‍ മുഹമ്മദ്, ഇജാബ് എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇജാബ് ഒഴികെയുള്ളവര്‍ നേരിട്ട് കീഴടങ്ങുകയായിരുന്നു.
അതേസമയം പിഎസ്സി പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസിറ്റിലെ രണ്ടാം റാങ്കുകാരന് പ്രണവിനെയും അഖില്‍ വധശ്രമക്കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കേസിലെ 17-ാം പ്രതിയാണ് പ്രണവ്. റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുക്കാരനാണ് കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്. രണ്ടാം പ്രതി നസീം 24-ാം റാങ്കുക്കാരനാണ്.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തിലും പ്രണവിനെ പോലീസ് തേടുന്നുണ്ട്. കണ്ടെടുത്ത ഉത്തരക്കടലാസുകളിലൊന്നില് പ്രണവിന്റെ രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തിയതാണ്. പ്രണവിനും ഉത്തരക്കടലാസ് തട്ടിപ്പില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.