കൊച്ചി: മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്കി യുവാവില്‍ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മിലിട്ടറി ക്യാമ്പിലെ സ്റ്റാഫ് നഴ്സ് അറസ്റ്റില്‍. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ നഴ്സായ സ്മിതയാണ് അറസ്റ്റിലായത്. തിരുവനന്തപുരം തിരുമല സ്വദേശിയായ യുവതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പിടികൂടിയത്.
44 വയസുള്ള ഇവര്‍ പേരും വയസും വിലാസവും ജോലിയുമടക്കം വ്യാജ വിവരങ്ങള്‍ കൈമാറി മാട്രിമോണിയല്‍ സൈറ്റിലൂടെ യുവാവിനെ പരിചയപ്പെട്ടു. 2016 ലാണ് യുവാവുമായി സ്മിത പരിചയപ്പെടുന്നത്. ശ്രുതി ശങ്കര്‍ എന്ന പേരിലാണ് യുവാവിനെ സ്മിത പരിചയപ്പെട്ടത്. എംബിബിഎസ് എംഡിക്ക് കല്‍ക്കട്ടയില്‍ പഠിക്കുകയാണെന്നും കുടുംബത്തോടൊപ്പം മുംബൈയില്‍ സ്ഥിര താമസമാണെന്നുമാണ് സ്മിത യുവാവിനോട് പറഞ്ഞിരുന്നത്.
യുവാവിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കിയ ഇവര്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങി. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല് പലതവണയായി 15 ലക്ഷം രൂപ സ്മിത യുവാവില്‍ നിന്നും തട്ടിയെടുത്തു. പിന്നീട് വിവാഹത്തെക്കുെരിച്ച് സംസാരിക്കുമ്പോള്‍ എല്ലാം ഇവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ തനിക്ക് കാന്‍സര്‍ ആണെന്ന് പറഞ്ഞ് സ്മിത യുവാവിനെ ഒഴിവാക്കി.
സംശയം തോന്നിയ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെ കബളിപ്പിച്ച് പണം തട്ടിയത് പാങ്ങോട് മിലിട്ടറി നഴ്സായ സ്മിത ആണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്മിതയെ അറസ്റ്റ് ചെയ്തത്.