പാലക്കാട്: മലബാര്‍ സിമന്റ്സ് മുന്‍ എംഡിയുടെ അറസ്റ്റിനും റിമാന്‍ഡിനും വഴിയൊരുക്കിയ അഴിമതി കേസുകളില്‍ രണ്ടെണ്ണത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു.
സിമന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ സിമന്റ് ഗുണനിലവാരം വര്‍ധിപ്പിച്ച് മലബാര്‍ സിമന്റ്സ് ബ്രാന്‍ഡില്‍ വില്ക്കാന് ശ്രമിച്ചതും വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഗോഡണുകള് ഭീമമായ തുകയ്ക്ക് വാടകക്കെടുത്ത് സര്‍ക്കാരിനു 2.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതുമായ കേസുകളിലാണ് അന്വേഷണം അവസാനിപ്പിച്ചത്.
എന്നാല്‍ ഈ കേസുകളില്‍ ഖജനാവിനു നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് വിജിലന്‍സിന്റെ തീരുമാനം.
ഇത്തരത്തില്‍ നാലു അഴിമതി ആരോപണ കേസുകളിലുള്‍പ്പെട്ട് മലബാര്‍ സിമന്റ് മുന്‍ എംഡിയായ കെ. പത്മകുമാറിനെ അറസ്റ്റു ചെയ്യുകയും റിമാന്‍ഡിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഴിമതിക്കു തെളിവില്ലാത്തതിനാല്‍ പ്രതിക്ക് വകുപ്പ് തല നടപടി മതിയെന്നാണ് പുതിയ തീരുമാനം.അതേ സമയം അഴിമതി സ്ഥാപിക്കാന്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ 2012 മുതല്‍ 2015 വരെ അനധികൃതമായി 2.70 കോടി രൂപയുടെ ഇളവു നല്കിയ കേസ് വിജിലന്‍സ് ട്രൈബ്യൂണലിനു വിട്ടേക്കും.
കേസ് നടപടികളുമായി സംബന്ധിച്ച് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് നേരത്തെ അവധിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ മറ്റു രണ്ടു കേസുകള്‍ക്കും ഇനിയും തീര്‍പ്പുണ്ടാക്കാന്‍ വിജിലന്‍സിനു സാധിച്ചിട്ടില്ല. സിമന്റിന്റെ അസംസ്കൃതവസ്തുവായ ഫ്ളൈ ആഷും ചുണ്ണാമ്പുകല്ലും വാങ്ങിയതിലും, അസംസ്കൃത വസ്തുവായ ക്ലിങ്കര്‍ ദുബായില്‍ നിന്നും ഇറക്കുമതി ചെയ്തതിലും അഴിമതി നടന്നുവെന്ന കേസുകളിലാണ് അന്വേഷണം മൂന്നു വര്‍ഷമായിട്ടും എങ്ങുമെത്താത്തത്.