ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. കൊച്ചിയിലെ ലാത്തിച്ചാര്‍ജ് വിഷയത്തില്‍ കാനം സ്വീകരിച്ച നിലപാടിനെതിരെയാണ് ജില്ലാ നേതൃയോഗത്തില്‍ ചര്‍ച്ചയായത്.
എറണാകുളം ജില്ലാ കമ്മിറ്റിക്ക് ഒപ്പം കാനം നിന്നില്ലെന്നും അതാണ് പോസ്റ്റര്‍ ഒട്ടിക്കാന്‍ പ്രേരണയായതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സംഭവത്തില്‍ എംഎല്‍എയേയും ജില്ലാ പ്രസിഡന്റിനേയും പിന്തുണയ്ക്കുന്ന നിലപാട് വേണം കാനം സ്വീകരിക്കേണ്ടിയിരുന്നത് എന്നായിരുന്നു പ്രധാന അഭിപ്രായം.
കൊച്ചിയിലെ പൊലീസ് അതിക്രമത്തില്‍ കാനം രാജേന്ദ്രന് പോലീസിനെ ന്യായീകരിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണന്ന വിമര്‍ശനമാണ് സി.പി.ഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവിലും കൗണ്‍സില്‍ യോഗത്തിലും ഉയര്‍ന്നത്. പോസ്റ്റര്‍ ഒട്ടിച്ച നേതാക്കള്‍ക്കെതിരെ കേസ് കൊടുത്ത ജില്ലാ സെക്രട്ടറിയുടെ നടപടി അനാവശ്യമായി എന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
അതെ സമയം കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ചതും പാര്‍ട്ടിയില്‍ ഉടലെടുത്തിട്ടുള്ള വിഭാഗീയത ഇതിന് കാരണമായോ എന്നതും ഉള്‍പ്പെടെ സമഗ്ര അന്വേഷണത്തിന് പാര്‍ട്ടി 3 അംഗ കമ്മീഷനെ നിയോഗിച്ചു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പാര്‍ട്ടിയെ ബാധിച്ച വിഭാഗീയത എന്ന ക്യാന്‍സറാണ് പോസ്റ്റര്‍ വിവാദത്തോടെ പുറത്തുവന്നതെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.