കോട്ടയം: മേലുകാവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഉന്നത തല അന്വേഷണം വേണമെന്നാണ് യുവാവിന്റെ പിതാവ് രാജു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
നിയമവിരുദ്ധമായാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത് എന്ന ആരോപണം പ്രഥമദൃഷ്ട്യാ വിശ്വാസയോഗ്യമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
വാഹന ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ രാജേഷിനെ എസ് ഐ സന്ദീപും സംഘവും തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും തുടര്‍ന്ന് കള്ളക്കേസില്‍ പ്രതിയാക്കുകയുമായിരുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ രാജേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് അതിക്രമം ഫേയ്സ്ബുക്കില്‍ വെളിപ്പെടുത്തിയ ശേഷമായിരുന്നു രാജേഷ് ആത്മഹത്യ ചെയ്തത്.