മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന് നടത്തും. പരിശോധന ഫലം രഹസ്യ രേഖയായി മുദ്രവെച്ച് കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് രക്ത സാംപിള്‍ നല്കാന് കോടതി നിര്‍ദ്ദേശിച്ചത്. രണ്ടാഴ്ച്ചയ്ക്കകം പരിശോധനാ ഫലം സമര്‍പ്പിക്കണമെന്നും ബോംബൈ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
രക്ത സാംപിള്‍ നല്‍കുമെന്ന് ബിനോയിയുടെ അഭിഭാഷകന് അറിയച്ചു. ജുഹുവിലെ കൂപ്പര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് രക്ത സാംപിള്‍ എടുക്കുക. തുടര്‍ന്ന് മുംബൈ കലീനയിലെ ലാബില്‍ പരിശോധന നടക്കും. ജാമ്യ വ്യവസ്ഥ പ്രകാരം ബിനോയ് ഇന്നലെ ഓഷിവാര സ്റ്റേഷനിലെത്തി ഒപ്പിട്ടു. ഇതോടെ ഒപ്പിടേണ്ട നാല് ആഴ്ച ഇന്നലെ പൂര്‍ത്തിയായി.
വിവാഹ വാഗ്ദാനം നല്കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി. എന്നാല്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയിയുടെ വാദം. കഴിഞ്ഞ രണ്ട് തവണ ഹാജരായപ്പോഴും ബിനോയ് രക്തം നല്കാന് തയ്യാറായിരുന്നില്ല. ആദ്യം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് രക്തസാമ്പിളുകള്‍ നല്‍കാതിരുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ രക്ത സാമ്പിളുകള്‍ നല്കാവില്ലെന്നാണ് രണ്ടാം തവണ ബിനോയ് പറഞ്ഞത്.
അതിനിടെ ബിനോയിയും യുവതിയും കുട്ടിയും ഒരുമിച്ചുള്ള ചിത്രങ്ങളടക്കം പരാതിക്കാരിയായ ബീഹാര്‍ സ്വദേശിനി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 2013ലെ ബിനോയിയോടൊപ്പമുള്ള കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും യുവതി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.