തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സുരക്ഷയ്ക്ക് വനിതാ പൊലീസ് മാത്രം മതിയെന്ന് ആവശ്യപ്പെട്ട് കോളേജ് കൗണ്‍സില്‍ പൊലീസിന് കത്ത് നല്കി. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കോളേജ് കനത്ത പൊലീസ് സുരക്ഷയിലായിരുന്നു. പരിശോധനയ്ക്ക് ശേഷമായിരുന്നു കേളേജിനകത്തേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.
എന്നാല്‍ കോളേജ് തുറന്ന് എസ്എഫ്ഐയുടെ പ്രവര്‍ത്തനം സജീവമായതോടെ പൊലീസ് ക്യാമ്പസിനകത്ത് നിന്നും പുറത്ത് പോകണമെന്ന് ആവശ്യം ഉയര്‍ന്നു. എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പൊലീസുകാര്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയതായി പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടാല്‍ മാത്രം ക്യാമ്പസില്‍ കയറിയാല്‍ മതിയെന്ന് പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എസ്എഫ്ഐയുടെ സമ്മര്‍ദ്ദത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ വഴങ്ങിയെന്ന ആരോപണം ഇതോടെ ശക്തമായി. തുടര്‍ന്നാണ് കോളേജ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ക്യാമ്പസിനകത്ത് സുരക്ഷ വേണമെന്നും വനിതാ പൊലീസ് മാത്രം മതിയെന്നും ആവശ്യപ്പെട്ടത്. അഞ്ച് വനിതാ പൊലീസുകാരെ വിന്യസിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.