മലപ്പുറം: മലപ്പുറം വാണിയമ്പലത്ത് മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്. വാണിയമ്പലത്ത് വെച്ചാണ് സംഭവം.
തിരുവനന്തപുരത്ത് വച്ച് കോടികളുടെ ഹാഷിഷ് പിടികൂടിയ കേസില്‍ പ്രതിയായ ജോര്‍ജ്കുട്ടിയെ പിടികൂടാനെത്തിയപ്പോഴാണ് അപകടം. കോടികള്‍ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതിയാണിയാള്‍.
തിരുവനന്തപുരത്ത് നിന്നും മുങ്ങിയ ഇയാള്‍ വാണിയമ്പലത്തുള്ള ഭാര്യ വീട്ടിലെത്തിയപ്പോഴാണ് എക്സൈസ് ഇയാളെ പിടികൂടിയത്. ജോര്‍ജ്കുട്ടി വാണിയമ്പലത്ത് എത്തിയിട്ടുണ്ടെന്നുള്ള വിവരം അറിഞ്ഞ് എക്സൈസ് സംഘം വീട് വളയുകയായിരുന്നു.
വാതില്‍ തുറന്ന ഉടന്‍ ജോര്‍ജ്കുട്ടി പൊലീസ് സംഘത്തിന് നേരെ വെടിവെച്ചു. നാല് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. റെയ്ഞ്ച് ഓഫീസറുടെ കാലിനാണ് വെടിയേറ്റത്. ഇദ്ദേഹത്തെ വണ്ടൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തിനൊടുവില്‍ എക്സൈസ് സംഘം പ്രതിയെ പിടികൂടി.