തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതു സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ജോലി സമയത്ത് മൊബൈലില്‍ കുത്തിക്കളിക്കുന്നവരേയും മാറി നില്‍ക്കുന്നവരേയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി സ്പീക്കര്‍ മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജോലി സമയത്ത് മൊബൈലില്‍ കുത്തിക്കളിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കാനാകില്ല. മുന്നില്‍ വരുന്ന ഫയലുകള്‍ അനാവശ്യമായി എതിര്‍പ്പ് രേഖപ്പെടുത്തുന്ന രീതി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണം. എല്ലാ വകുപ്പുകളുമായും ചര്‍ച്ച നടത്തിയാല്‍ ഫയല്‍ നീക്കം എളുപ്പമാകുമെന്നും ഈ സംസ്കാരം വികസിപ്പിച്ചെടുക്കാന്‍ കഴിയാത്തതാണ് സെക്രട്ടറിയേറ്റിന്റെ ഏറ്റവും വലിയ പോരായ്മയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനത്തിലും മാറ്റമുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം നന്നായാലേ സംസ്ഥാനത്തെ ഭരണ സംവിധാനം നന്നാകുകയുള്ളൂ എന്നും പൊതുജനങ്ങള്‍ എത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.