കല്‍പ്പറ്റ: ഫീസടച്ചില്ലെന്ന കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തി വയനാട്ടിലെ സ്വകാര്യ സ്കൂള്‍. ഇരുപതോളം കുട്ടിളേയാണ് പരീക്ഷ പോലും എഴുതിക്കാതെ പുറത്ത് നിര്‍ത്തിയത്. വയനാട് കല്‍പ്പറ്റയിലെ ക്രിസ്തുരാജ സ്കൂളിലാണു സംഭവം.
മൂന്ന് സെമസ്റ്ററുകളായാണ് ഒരു അദ്ധ്യയന വര്‍ഷത്തില്‍ കല്‍പ്പറ്റയിലെ ക്രിസ്തുരാജ സ്കൂളില്‍ ഫീസ് അടയ്ക്കേണ്ടത്. അതിനുള്ള സാവകാശവും രക്ഷിതാക്കള്‍ക്ക് സ്കൂള്‍ അധികൃതര്‍ നല്‍കാറുണ്ട്. ഇത്തവണ സ്കൂള്‍ തുറന്ന് രണ്ട് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ തന്നെ പരീക്ഷ നടത്തുകയും ഫീസ് അടച്ചില്ല എന്ന കാരണത്താല്‍ കുട്ടികളെ പുറത്ത് നിര്‍ത്തുകയും മാനസികമായി വേദനിപ്പിക്കുകയുമാണ് സ്കൂള്‍ അധികൃതര്‍ ചെയ്തതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഫീസ് അടയ്ക്കേണ്ട തീയതിയെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു വിധത്തിലുള്ള അറിയിപ്പും ക്രിസ്തുരാജ സ്കൂള്‍ അധികൃതര്‍ നല്‍കിയില്ല. ഏഴുവയസ്സ് മാത്രം പ്രായമുള്ള ഇരുപതോളം കുട്ടികളെ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് പരീക്ഷ എഴുതാന്‍ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വിഷയത്തില്‍ ചൈല്‍ഡ് ലൈനിലും ബാലാവകാശ കമ്മീഷനിലും ഒരു രക്ഷിതാവ് പരാതി നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് സ്കൂള്‍ അധികൃതര്‍. ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ അധീനതയിലുള്ള സ്കൂള്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന അവകാശവാദം ഉയര്‍ത്തുമ്പോഴും കുരുന്നു കുട്ടികളെ മാനസികമായി മുറിവേല്‍പ്പിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്.