മംഗലുരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. നേത്രാവതി പുഴയുടെ തീരത്ത് ഹൊയ്കെ ബസാറില്‍ നിന്നും മല്‍സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പ് ബംഗളുരുവില്‍ നിന്നും കാറില്‍ മംഗലുരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ നേത്രാവതി നദിയ്ക്കു കുറുകയുള്ള പാലത്തിനു സമീപം കാറില്‍ നിന്നും ഇറങ്ങി പോയി.തുടര്‍ന്ന് അദ്ദേഹത്തെ കാണാതാവുകയായിരുന്നുവെന്നാണ് ഡ്രൈവറിന്റെ മൊഴി. ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാല്‍ അടുത്ത് എത്തിയപ്പോഴേക്കും താഴ്ന്ന് പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന മല്‍സ്യതൊഴിലാളി പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന കത്തും പ്രദേശത്തുനിന്ന് പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സാമ്പത്തിക ബാധ്യതയും ഉദ്യോഗസ്ഥ പീഡനവുമാണ് ജീവനൊടുക്കിയതിന് കാരണം എന്ന സൂചനകളാണ് കത്തില്‍ ഉണ്ടായിരുന്നത്.