ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളുടെ വില്പന തടയാനും വ്യാജ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഉപഭോക്തൃ സംരക്ഷണ ഭേദഗതി ബില്ല് ലോകസഭ പാസാക്കി.1986ലെ നിയമത്തിനു പകരമായി അവതരിപ്പിച്ച ബില്ല് ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വിടും. വ്യാജ ഉല്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമ നടന്മാര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് എംപിമാരുടെ ആവശ്യം.
ഉല്പന്നങ്ങള് വാങ്ങുമ്പോള്‍ തട്ടിപ്പിനിരയാകുന്ന ഉപഭോക്താവിന്റെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ ദേശീയ,സംസ്ഥാന, ജില്ലാതല സമിതികള്‍ രൂപീകരിക്കും. ഉല്പന്നത്തിന്റെ അളവ്, ഗുണ നിലവാരം, വില എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തവര്‍ക്കെതിരെ ഉപഭോക്താവിനു പരാതി നല്‍കാം. അതോടൊപ്പം ഉല്പന്നത്തിലെ പിഴവു മൂലം ഉപഭോക്താവിന് പരുക്കേറ്റാല്‍ ഉല്പാദകര്ക്ക് ജയില്‍ ശിക്ഷയും ഒപ്പം പിഴയും ഈടാക്കും. വ്യാജ ഉല്പന്നങ്ങള് സംബന്ധിച്ച പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.എന്നാല്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.