ലക്നൗ: ഉത്തര്‍പ്രദേശിലെ ഹപൂരില്‍ ഭര്‍ത്താവ് ഭാര്യയെ മുത്വലാഖ് ചൊല്ലിയതായി റിപ്പോര്‍ട്ട്. മുത്വലാഖ് ചൊല്ലിയതിനൊപ്പം തന്നേയും 6 കുട്ടികളേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി ക്രൂരതക്ക് ഇരയായ സീമ പറഞ്ഞു. വീട്ടു ചെലവിനാവശ്യമായ പണം ആവശ്യപ്പെട്ടതാണ് ഭര്‍ത്താവായ സജിദ് മുത്വലാഖ് ചൊല്ലാന്‍ കാരണമെന്നും എപ്പോള്‍ പണം ചോദിച്ചാലും വീട്ടില്‍ വഴക്ക് ഉണ്ടാകാറുണ്ടെന്നും സീമ വ്യക്തമാക്കി.
മുത്വലാഖ് ചൊല്ലിയെന്നും തന്നേയും 6 കുട്ടികളേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതി ലഭിച്ചതായും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് ഈ പരാതി കൈമാറിയതായും ഹപൂര്‍ എസ്പി യഷ്വീര്‍ സിംഗ് പറഞ്ഞു.
’14 വര്‍ഷത്തെ വിവാഹ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്റെ 6 കുട്ടികളെ വളര്‍ത്താന്‍ എല്ലാ മാസവും സജിദിനോട് പണം ചോദിക്കാറുണ്ട്. പക്ഷേ എപ്പോഴൊക്കെ പണം ചോദിച്ചാലും വീട്ടില്‍ വഴക്കുണ്ടാകാറാണ് പതിവ്. ഒരു വീട്ടമ്മയായ ഞാന്‍ എങ്ങനെയാണ് കുട്ടികളെ നോക്കുക? പണം ചോദിച്ചതിനാണ് എന്നെ എന്റെ സഹോദരന്റെ മുന്നില്‍ വെച്ച് തലാഖ് ചൊല്ലിയത്’. സീമ പറഞ്ഞു.
ഭര്‍ത്താവിന്റെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അതിനാലാണ് ഹപൂര്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടതെന്നും സീമ പറഞ്ഞു. തന്നെ മുത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ നടപടി വേണമെന്നാണ് സീമ ആവശ്യപ്പെടുന്നത്.
ലോക്സഭയും രാജ്യസഭയും പാസാക്കിയ മുത്വലാഖ് ബില്ലിന് കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. ഇതോടെ മുത്വലാഖ് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നിരിക്കുകയാണ്. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വന്നത്. ഇതോടെ മുത്വലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറി.