സത്യമപ്രിയം

ശ്രീറാം വെങ്കിട്ടരാമനും യഹോവയുടെ പ്രതികാരവും

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

വിവാദങ്ങളുടെ നടുവില്‍ കൂരമ്പേറ്റ് നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ അപമാനിക്കാനോ വീണ്ടും മുറിവേല്‍പ്പിക്കാനോ അല്ല ഈ കുറിപ്പ്. അപകടത്തില്‍ മരണമടഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ നല്ല സുഹൃത്തായിരുന്നു. ജീവിതത്തിലുടനീളം സ്‌നേഹവും മാന്യതയും പുലര്‍ത്തിയ നല്ല പത്രപ്രവര്‍ത്തകനുമായിരുന്നു. ബഷീറിന്റെ മരണത്തിന്റെ പേരില്‍ വര്‍ഗ്ഗീയം കളിക്കാനും രാഷ്ട്രീയ പകപോക്കല്‍ നടത്താനുമുള്ള ചിലരുടെ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.

ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. ശിക്ഷിക്കാനും നടപടിയെടുക്കാനും നിയമസംവിധാനമുണ്ട്. നിയമത്തിന്റെ വഴിയിലൂടെ പോകാന്‍ ശ്രീറാം വെങ്കിട്ടരാമന് ബാദ്ധ്യതയുണ്ട്. ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്നതിനേക്കാളുപരി ഒരു പൗരനെന്ന നിലയില്‍ അതിനുള്ള ബാദ്ധ്യതയും അദ്ദേഹത്തിനുണ്ട്. കെ എം ബഷീറിന്റെയോ ശ്രീറാം വെങ്കിട്ടരാമിന്റെയോ മതമോ ജാതിയോ ഈ സംഭവങ്ങളില്‍ പ്രസക്തമല്ല. ജാതിയ്ക്കും മതത്തിനും അതീതമായി. സമൂഹത്തില്‍ ഉറ്റബന്ധം സൃഷ്ടിച്ച, സൗഹൃദവലയം സൃഷ്ടിച്ച പത്രപ്രവര്‍ത്തകനായിരുന്നു ബഷീര്‍. അപകടത്തെ അപകടമായിത്തന്നെ കാണണം. അതില്‍ മതം കലര്‍ത്താനുള്ള ശ്രമം ആര് നടത്തിയാലും അത് ദുരുപദിഷ്ടമാണ്. ബഷീറിനെ സ്‌നേഹിച്ചതും എ പി ജെ അബ്ദുള്‍ കലാമിനെ ബഹുമാനിച്ചതും മതം കൊണ്ടല്ല.

പക്ഷേ, ശ്രീറാം വെങ്കിട്ടരാമന്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ആയതിനെ തുടര്‍ന്ന് സാമൂഹ്യമാദ്ധ്യമങ്ങളില്‍ സ്‌നേഹത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന് അവകാശപ്പെടുന്ന, വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്തുമതത്തിന്റെ പ്രയോക്താക്കളെന്നും പ്രവാചകരെന്നും അവകാശപ്പെട്ടെത്തിയ ചിലര്‍ ഇട്ട പോസ്റ്റുകള്‍ നിന്ദ്യവും നികൃഷ്ടവുമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കടമെടുത്ത് പറയട്ടെ, ഇത്തരം നികൃഷ്ടജീവികള്‍ സമൂഹത്തിന് അപമാനമാണ്. ശ്രീറാം വെങ്കിട്ടരാമന്‍ ഈ അവസ്ഥയിലായത് മൂന്നാറിലെ കൈയേറ്റ ഭൂമിയില്‍ വച്ച അനധികൃത കുരിശുകള്‍ പൊളിച്ചതിന് യഹോവ കൊടുത്ത ശിക്ഷയാണെന്നാണ് ഒരു ഉളുപ്പുമില്ലാതെ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. യഹോവ ഈ തരത്തില്‍ ശിക്ഷിക്കുമ്പോള്‍ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും യുവത്വം വിടാത്ത ഭാര്യയും വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുന്ന ഉമ്മയുമുള്ള ബഷീറിന്റെ കുടുംബത്തെ കണ്ടില്ലേ? അതോ ശ്രീറാമിനെ ശിക്ഷിക്കാന്‍ ഒരുമ്പെട്ട് തിരക്കിട്ട് പോകുമ്പോള്‍ യഹോവയുടെ ഒരു കണ്ണ് കാണാതായിപ്പോയോ?

പുരോഗതിയിലേക്കും പരിഷ്‌ക്കാരത്തിലേക്കും നീങ്ങുന്ന ഒരു സമൂഹത്തിന്റെ അനിവാര്യമായ മൂല്യങ്ങളിലും പെരുമാറ്റത്തിന്റെയും വശ്വാസ സംഹിതയുടെയും മാനങ്ങളിലും മാനദണ്ഡങ്ങളിലും ആശാസ്യമല്ലാത്ത പ്രവൃത്തിയാണ് ചില ക്രിസ്തീയ സഭകളെങ്കിലും നടത്തുന്നത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. പൊക്കമുള്ള ഏത് കുന്നിന്റെ മുകളിലും കുരിശ് ഉയര്‍ത്തണമെന്നും പൊതുസ്ഥലങ്ങളും പുറമ്പോക്ക് ഭൂമിയും കൈവശപ്പെടുത്തണമെന്നും കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ? അനാഥവും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതുമായ ഭൂമിയില്‍ നിന്ന് കുരിശുകൃഷി ക്ഷേത്രങ്ങളിലേക്കും ക്ഷേത്രഭൂമികളിലേക്കും വ്യാപിക്കുമ്പോള്‍ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതത്തിലേക്ക് പണവും ഭക്ഷണവും ഒക്കെയായി പെന്തക്കോസ്ത് സഭ പെയ്തിറങ്ങുകയാണ്. കൊടുക്കുന്ന ഭക്ഷണത്തിനും നല്‍കുന്ന സേവനത്തിനും പകരം തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇവര്‍ നടത്തുന്ന മ്ലേച്ഛമായ നടപടികളാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക ജീര്‍ണ്ണതയും പ്രതിസന്ധിയും.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്ത് നടന്ന ക്രൈസ്തവ-ആര്‍ എസ് എസ് സംവാദ സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് കെ ടി തോമസും ജോസഫ് പുലിക്കുന്നേലും ലക്ഷ്യമിട്ടത് സൗഹാര്‍ദ്ദത്തിന്റെയും സമന്വയത്തിന്റെയും ഒരു അന്തരീക്ഷമായിരുന്നു. ആ സമ്മേളനത്തില്‍ പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം ഹിന്ദു-ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണം ക്രൈസ്തവ സഭകള്‍ നടത്തുന്ന മതപരിവര്‍ത്തന ശ്രമങ്ങളാണ് എന്നാണ്. മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം ഇന്ന് ലോകവ്യാപകമായി ഉയരുകയാണ്. എന്നില്‍ വിശ്വസിക്കാത്തവന്‍ പാപിയാണെന്ന് പറയുന്ന ക്രൈസ്തവരും തങ്ങളുടെ മതത്തില്‍ വിശ്വസിക്കാത്ത അവിശ്വാസികളായ കാഫിറുകള്‍ മരണശിക്ഷ അര്‍ഹിക്കുന്നു എന്നുപറയുന്ന ഇസ്ലാംമത വിശ്വാസികളും തമ്മിലുള്ള സംഘര്‍ഷമാണ്. ഇന്ന് ലോകത്ത് മുഴുവന്‍ ഒഴുകുന്ന ചോരപ്പുഴയുടെ കാരണമെന്നത് വിസ്മരിക്കാന്‍ കഴിയുമോ? അമേരിക്കയിലെ മയന്‍ സംസ്‌ക്കാരവും മെസെപ്പൊട്ടോമിയന്‍ സംസ്‌ക്കാരവും ഗ്രീക്ക് സംസ്‌ക്കാരവും ഒക്കെ ഇല്ലാതായത് ഈ വര്‍ഗ്ഗീയ വിഷജന്തുക്കളുടെ അധിനിവേശങ്ങളിലാണ്.

ഇന്ന് ഭാരതം ഇവരുടെ വിഹാരഭൂമിയായി മാറിയിരിക്കുന്നു. യേശുദേവന്റെ ചിന്തകളിലും പ്രവൃത്തികളിലും ഉദ്‌ബോധനങ്ങളിലും ആകൃഷ്ടരായി ആരെങ്കിലും മതം മാറുന്നതിനെ എതിര്‍ക്കുന്നില്ല. പക്ഷേ, കള്ളം പറഞ്ഞും കളവ് ചെയ്തും സര്‍ക്കാര്‍ഭൂമി കൊള്ളയടിച്ചും ഇതര മതസ്ഥരുടെ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും പകര്‍ത്തിയും നടത്തുന്ന നിഷ്ഠൂരമായ മതപരിവര്‍ത്തന ശ്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതല്ലേ? ഇവിടെയാണ് മൂന്നാറിലും പാപ്പാത്തിച്ചോലയിലും ഉയര്‍ന്ന അനധികൃത കുരിശുകളുടെ സാംഗത്യം. സര്‍ക്കാര്‍ഭൂമിയില്‍ ഉയര്‍ന്ന കുരിശ് സര്‍ക്കാരിന്റെ സ്വത്ത് സംരക്ഷിക്കാന്‍ നിയുക്തനായ കാവലാള്‍ എന്ന നിലയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പൊളിച്ചു. അതിനുള്ള ശിക്ഷയാണ് ശ്രീറാം വെങ്കിട്ടരാമന് ഉണ്ടായ അപകടവും കെ എം ബഷീറിന്റെ മരണവും എന്ന് പ്രചരിപ്പിക്കുന്ന ആഭാസം ക്രിസ്തുവിന്റെ ഏത് ദര്‍ശനത്തില്‍ ഉള്ളതാണ്. ക്രൈസ്തവ ദര്‍ശനത്തിന്റെ പൊള്ളത്തരം എന്തെന്ന് ക്രിസ്തുമതഛേദനത്തിലൂടെ ചട്ടമ്പിസ്വാമികള്‍ കാട്ടിത്തന്നതാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുദേവന് പോലും ക്രൈസ്തവ മിഷണറിമാര്‍ നടത്തുന്ന നിന്ദ്യമായ മതപരിവര്‍ത്തനശ്രമങ്ങളില്‍ ഈര്‍ഷ്യയുണ്ടായിരുന്നു. അദ്ദേഹം അത് പലകുറി പ്രകടിപ്പിച്ചതുമാണ്. അതുകൊണ്ടുതന്നെ ശ്രീറാം വെങ്കിട്ടരാമന് പറ്റിയ അപകടത്തെ ഈ രീതിയില്‍ ചിത്രീകരിക്കുമ്പോള്‍ അത് മതാധിഷ്ഠിതമായ ധ്രുവീകരണത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്.

കന്യാസ്ത്രീകള്‍ ക്രിസ്തുവിന്റെ മണവാട്ടികളാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീകളുടെ മേല്‍ കൈവച്ചത് ക്രിസ്തുവായതുകൊണ്ട് അല്ലല്ലോ. അദ്ദേഹത്തെ ശിക്ഷിക്കാതെ വെറുതെ വിട്ട യഹോവ ശ്രീറാം വെങ്കിട്ടരാമനെ ശിക്ഷിക്കുമോ? കോട്ടയത്തെ ജോളി കൊലക്കേസും മറിയക്കുട്ടി കൊലക്കേസും മലയാളികള്‍ ഇനിയും മറന്നിട്ടില്ല. ആനത്താരകളിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിക്കുന്ന കുരിശുകളില്‍ ആന പിടിക്കാതിരിക്കാന്‍ അറക്കവാള്‍ വച്ച് വെല്‍ഡു ചെയ്ത സ്‌നേഹത്തിന്റെ മതം പറയുന്ന സ്‌നേഹം എന്താണെന്ന് സാധാരണക്കാരന് ദഹിക്കുന്നതല്ല. ശ്രീറാം വെങ്കിട്ടരാമന്റെയും ബഷീറിന്റെയും സമൂദായങ്ങളെ തമ്മില്‍ കൂട്ടിയടിപ്പിച്ച് ലാഭം കൊയ്യാനുള്ള മതപരിവര്‍ത്തന ദാഹികളായ ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി കിട്ടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും പ്രകടിപ്പിച്ച് കണ്ടത്. മൂന്നാറിലെ സര്‍ക്കാര്‍ഭൂമി കൈയേറാനും അനധികൃത കെട്ടിടങ്ങളും റിസോര്‍ട്ടുകളും നിര്‍മ്മിക്കാനുമുള്ളഭൂമാഫിയയുടെ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിച്ച ശ്രീറാം വെങ്കിട്ടരാമന്‍ എന്ന സത്യസന്ധനായ ഐ എ എസ് ഉദ്യോഗസ്ഥന്റെ ധര്‍മ്മനിഷ്ഠമായ ഔദ്യോഗിക ജീവിതത്തെ ഒരുദിവസത്തെ അപഭ്രംശം കൊണ്ട് തള്ളിപ്പറയാന്‍ കഴിയുമോ? എം എം മണി മുതല്‍ പേരെടുത്തവരും അല്ലാത്തവരുമായ ഇടത് ബുദ്ധിജീവികളും കപട സദാചാര പ്രവര്‍ത്തകരും ഇന്ന് ഒരുകൂട്ടം സൈബര്‍ പോരാളികളും ശ്രീറാം വെങ്കിട്ടരാമന് എതിരെ വാളോങ്ങി രംഗത്തുവരുന്നത് കൈ എം ബഷീറിനോടുള്ള സ്‌നേഹം കൊണ്ടല്ല. ശ്രീറാം വെങ്കിട്ടരാമന്‍ സ്വന്തം നിലപാട് കൊണ്ടും ആര്‍ജ്ജവം കൊണ്ടും വിറപ്പിച്ച് തോല്പ്പിച്ച ദൈത്യസിംഹാസനങ്ങളോടുള്ള, രാക്ഷസീയതയോടുള്ള ആദരവും ഭക്തിയും ബഹുമാനവും കൊണ്ട് മാത്രമാണ്.

അപകടമുണ്ടാക്കിയ സാഹചര്യങ്ങളും ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത തെറ്റിന്റെ തീവ്രതയെ ചെറുതായി കാണാനുമില്ല. പക്ഷേ, ഈയൊരു തെറ്റിന്റെ പേരില്‍ പഴയ നന്മകളെയെല്ലാം ഒറ്റ ദിവസംകൊണ്ട് തൂത്തെറിഞ്ഞ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വേട്ടപ്പട്ടികളെക്കൊണ്ട് വേട്ടയാടപ്പെടേണ്ട കാര്യവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പമുള്ള പാണന്മാര്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ തന്നെ ഈ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സജീവമായി ഇടപെട്ടതായി പറയുന്നുണ്ട്. ഇത് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലും കാണാന്‍ കഴിയും ഇവിടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ എങ്ങനെ ഈ ഹണിട്രാപ്പില്‍ പെട്ടു എന്നും ആരാണ് ചതിച്ചതെന്നും ഒക്കെയുള്ള സംശയങ്ങള്‍ ഉയരുന്നത്. ശ്രീറാമിന്റെ പെണ്‍ സുഹൃത്തിനെയും അവരുടെ ഇടപാടുകളെയും ബന്ധങ്ങളെയും ഒക്കെ കുറിച്ച് സമഗ്രമായ അന്വേഷണം അനിവാര്യമാണ്.

അന്വേഷണത്തിന്റെ വഴികളില്‍ പോലും മതത്തിന്റെ സ്വാധീനം കടന്നുവരുന്നു എന്ന ആരോപണം ഇപ്പോള്‍ തന്നെ സജീവമാണ്. അതുതന്നെയാണ് മതത്തിന്റെ പേരില്‍ ഈ അപകടമരണത്തെയും ശ്രീറാമിന്റെ വ്യക്തിപരമായ ദുരന്തങ്ങളെയും ഉയര്‍ത്തിക്കാട്ടുന്നതിന്റെ പിന്നിലും. ഊതിക്കാച്ചിയ പൊന്ന് പോലെ അപ്പോഴത്തെ പ്രതിസന്ധികളില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനും അഗ്നിശുദ്ധി വരുത്തി തിരച്ചുവരണം എന്നു തന്നെയാണ് മലയാളികളുടെ ആഗ്രഹം. ബഷീറിന്റെ അകാലമൃത്യു ആ മനസ്സാക്ഷിക്കു മുന്നില്‍ ഒരു ഓര്‍മ്മചിത്രമായി ഉണ്ടാകും. ശ്രീറാമിന് ഒരു മടങ്ങിവരവിനുള്ള അവസരം കൂടിയാണിത്.

408 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close