തൃശ്ശൂര്‍:മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവ സംവിധായകന് നിഷാദ് ഹസ്സനെ തൃശൂര്‍ കൊടകരയില്‍ നിന്ന് കണ്ടെത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു മുഖം മൂടി സംഘം നിഷാദിനെ തട്ടിക്കൊണ്ട് പോയത്.
നിഷാദ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടു പോയി എന്ന പരാതിയിലെ വസ്തുത അനേഷിക്കുകയാണ് പോലീസ്. നിഷാദിനോട് രാവിലെ പത്ത് മണിയ്ക്ക് പേരാമംഗലം സ്റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ച് ബുധനാഴ്ചയാണ് സംവിധായകന് നിഷാദ് ഹസ്സനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയത്. മുഖം മൂടി ധരിച്ചെത്തിയവരാണ് വാഹനം തടഞ്ഞു നിര്‍ത്തി നിഷാദിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയതെന്ന ഇയാളുടെ ഭാര്യ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ആക്രമണത്തിനിടെ നിഷാദിന്റെ ഭാര്യയ്ക്ക് പരിക്കേറ്റിരുന്നു അവര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിപ്ലവം ജയിക്കാനുളളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്. സിനിമയുടെ മുന്‍ നിര്‍മ്മാതാവ് സി ആര് രണ ദേവിനെയാണ് തട്ടിക്കൊണ്ടുപോകലില്‍ സംശയമെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.