പാലക്കാട്: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വീടിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്.
വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മരം വീണാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അട്ടപ്പാടിയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഷോളയൂര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ രാത്രി മുഴുവന്‍ കനത്ത മഴയായിരുന്നു. മഴയില്‍ വ്യാപകനഷ്ടമാണ് ജില്ലയില്‍ മുഴുവന്‍ ഉണ്ടായിരുക്കുന്നത്.
വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിനെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി പൂര്‍ണ്ണമായും തകരാറിലായിട്ടുണ്ട്.
മഴ ശക്തമായതിനാല്‍ അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പൂതൂര്‍ പഞ്ചായത്തുകളിലെ അംഗന്‍വാടി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി പാലക്കാട് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അവധി പ്രഖ്യാപിക്കുന്നത്.