തിരുവനന്തപുരം: പോലീസ് പരീക്ഷയുടെ പിഎസ്.സി ചോദ്യ പേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണെന്ന് പോലീസ്. ചോദ്യപേപ്പര്‍ ചോര്‍ത്തിയത് യൂണിവേഴ്സിറ്റി ജീവനക്കാരനാണെന്നും പോലീസ് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്കിയ കോളജ് ജീവനക്കാരനെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ശിവരഞ്ജിത്തും പ്രണവും ചേര്‍ന്നാണ് ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതിന് ആസൂത്രണം നടത്തിയതെന്നും, ഉത്തരം അയക്കാന്‍ എടുത്തത് നാലു ഫോണുകളാണെന്നും പോലീസ് വ്യക്തമാക്കി. ഇവരുടെ സുഹൃത്തുക്കളാണ് ഉത്തരങ്ങള്‍ എസ്എംഎസ് വഴി അയച്ചു കൊടുത്തതെന്നും പോലീസ് പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും സിവില്‍ പൊലീസ് റാങ്ക് പട്ടികയില്‍ ഉന്നത സ്ഥാനത്തെത്തിയതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് പി എസ് സിയുടെ വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ക്രമക്കേടില്‍ ഉള്‍പ്പെട്ടവരെ അയോഗ്യരാക്കുകയും ചെയ്തിരുന്നു.
അതേസമയം, പിഎസ് സി പരീക്ഷയില്‍ ക്രമക്കേട് നടന്നതിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം പിഎസ് സി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.