തിരുവനന്തപുരം : കേരളത്തില്‍ രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടതും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച മലപ്പുറം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം,തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നീരീക്ഷണകേന്ദ്രം വ്യക്തമാക്കി. 24മണിക്കൂറിനുള്ളില്‍ 24 സെന്റീമീറ്റര്‍ മഴ പെയ്തേക്കാം.
ശനിയാഴ്ചയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി അല്പം കുറായാനാണ് സാധ്യത. എന്നാല്‍ ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ശക്തമായ മഴയും പെയ്തേക്കാം.
11,12 തിയ്യതികളില്‍ മലപ്പുറത്തും, വടക്കന്‍ ജില്ലകളിലും കനത്തമഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അതി ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ കനത്ത മഴയ്ക്ക് കാരണം. 12ാം തിയ്യതിവരെ നിലവിലെ സ്ഥിതി തുടരും.