ഇടുക്കി: കനത്ത മഴമൂലം ഇടുക്കി ജില്ലയിലെ മലയോര മേഖലകളില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 15 വരെ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം എന്നാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്. വ്യാപക മഴയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായതും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്ക്കുന്നതുമാണ് കാരണം.
മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണ്ണിടിച്ചില്‍ ഭീഷണിയേത്തുടര്‍ന്ന് മൂന്നാര്‍ – ഉഡുമല്‍പ്പേട്ട് അന്തര്‍ സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. മൂന്നാര്‍, ദേവികുളം താലൂക്കുകളില്‍ ബുധനാഴ്ച രാത്രി മുതല്‍ കനത്ത മഴയാണ്. മുതിരപ്പുഴയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മൂന്നാറിലേയും പരിസര പ്രദേശങ്ങളിലേയും വീടുകളില്‍ വെള്ളം കയറി.
എറണാകുളം ജില്ലയിലും കനത്ത മഴ പെയ്യുന്നുണ്ട്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറം ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം കയറി. ചിലയിടങ്ങളില്‍ ചുഴലിക്കാറ്റുമുണ്ടായി.