തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന അതി ശക്തമായ മഴയിലും കാറ്റിലും എട്ടു പേര് മരിച്ചു. നിരവധി പേരെ കാണാതായി. ഇടുക്കിയില്‍ മാത്രമായി മൂന്നുപേര്‍ മരണപ്പെട്ടു. ഇടുക്കി ചിന്നക്കനാലില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരുവയസ്സുകാരി മരിച്ചു. മറയൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വയോധിക ജ്യോതിയമ്മ (72) ഒഴുക്കില്‍പ്പെട്ടു മരിച്ചു. കാഞ്ഞാറില്‍ ശക്തമായ കാറ്റില്‍ ഷെഡ് തകര്‍ന്നുവീണ് ഒഡീഷ സ്വദേശി മധു കൃഷ്ണാനി മരിച്ചു.
വയനാട്ടിലും ഇതുവരെ മരണം മൂന്നായി. വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. മുട്ടില്‍ പഴശ്ശി കോളനിയിലെ സുമേഷ് (28), പ്രീനു (25) എന്നിവരാണ് മരിച്ചത്. കക്കത്തോട് വീട് മാറുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. കക്കത്തോട് കോളനിയിലെ മുത്തു (24)ആണ് കുഴഞ്ഞു വീണ് മരിച്ചത്.
അട്ടപ്പാടിയില്‍ വീടിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചൂണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കണ്ണൂര്‍ കുഴിക്കല്‍ വീട്ടില്‍ പത്മനാഭനാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.