ദോഹ. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി അബോധവസ്ഥയിലായിരുന്ന ബീഹാറി യുവാവിനെ തുടര്‍ചികിത്സയ്ക്കായി പുനര്‍ജനി പ്രവര്‍ത്തകര്‍ ഇന്ത്യയിലെത്തിച്ചു. ദോഹ മെട്രോയുടെ കരാര്‍ ജോലികളില്‍ പങ്കാളിത്തമുള്ള എംഇപി കമ്പനി ജീവനക്കാരനായ ഇന്ദ്രജീത് കുമാര്‍ യാദവി(37)നെയാണ് ജയ്പൂരിലെ സോണി സൂപ്പര്സ്പെഷ്യല്റ്റി ആശുപത്രിയിലേക്ക് മാറ്റിയത്.
നല്ല ആരോഗ്യവും ചുറുചുറുക്കും ഉണ്ടായിരുന്ന ഇന്ദ്രജിത് തികച്ചും അപ്രതീക്ഷിതമായാണ് മസ്തിഷ്കാഘാതത്തിന് ഇരയായത്. ലേബര്‍ ക്യാംപില്‍ രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്കാഘാതത്തിന്റെ തീവ്രത ഈ യുവാവിന്റെ ബോധവും ചലനശേഷിയും പൂര്‍ണമായി കവര്‍ന്നു കഴിഞ്ഞിരുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലുള്ള റുമൈല ആശുപത്രിയിലെ റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇന്ദ്രജിത്തിന് ആവശ്യമായ സഹായമെല്ലാം എത്തിച്ചിരുന്നതും ജയ്പൂരില്‍ തുടര്‍ചികിത്സയ്ക്ക് സൗകര്യമൊരുക്കിയതും പുനര്‍ജനി പ്രവര്‍ത്തകരാണ്.
ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇന്ദ്രജീത്തിനെ ഡല്‍ഹിയില്‍ എത്തിച്ചത്. ഡോക്ടര്‍, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, നഴ്സ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ മെഡിക്കല്‍ സംഘവും ഒപ്പമുണ്ടായിരുന്നു. ഇന്ദ്രജിത്തിനെ ഇന്ത്യയില്‍ എത്തിക്കാന്‍ 15 ലക്ഷം രൂപയിലേറെ ചെലവായി. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവൊലന്റ് ഫോറം(ഐസിബിഎഫ്), ഖത്തറിലെ ഇന്ത്യന്‍ എംബസി, ഇന്ദ്രജീത് ജോലിചെയ്തിരുന്ന കമ്പനി എന്നിവയുടെ സഹായത്തോടെയാണ് പുനര്‍ജനി പ്രവര്‍ത്തകര്‍ യാത്രക്കാവശ്യമായ പണം കണ്ടെത്തിയത്.
ബീഹാറില്‍ നിന്നെത്തിയ സഹോദരനും ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലെ സോണി സൂപ്പര്സ്പെഷ്യല്റ്റി ആശുപത്രിയിലേക്ക് ഇന്ദ്രജിത്തിനെ അനുഗമിച്ചു. ജയ്പൂരിലെ ചികിത്സയ്ക്കും പുനര്‍ജനി പ്രവര്‍ത്തകര്‍ സഹായം ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് ഇന്ദ്രജിത്തിനെ ബീഹാറിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റി തുടര്‍ചികിത്സ ഉറപ്പാക്കുമെന്നും പുനര്‍ജനി പ്രവര്‍ത്തകര്‍ പറഞ്ഞു.