യുഎഇ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് ജാഗ്രത നിര്ദ്ദേശംനല്കി യുഎഇ ഭരണകൂടം. ഒട്ടനവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുകയും നിരവധിപേര്‍ മരിക്കുകയും ചെയ്ത കനത്ത മഴയെ തുടര്‍ന്നാണ് യുഎഇ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ദിവസങ്ങളായി തുടരുന്ന മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് 55 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. ഇന്ത്യന്‍ അതോറിറ്റികള്‍ നല്കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ യഥാക്രമം പാലിക്കണമെന്നും യുഎഇ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. അതോടൊപ്പം കേരളത്തില്‍ എത്തുന്ന പൗരന്മാര് കേരളത്തിലെ നയതന്ത്ര ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും അതിലൂടെ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സാധിക്കുമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നല്കിയിട്ടുള്ളതായ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും യുഎഇ അറിയിച്ചു. കനത്ത മഴ മൂലം വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഈദ് അവധിക്ക് നാട്ടിലെത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഞായറാഴ്ച വരെയാണ് കൊച്ചി വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്. റണ്‍വേയില്‍ വെള്ളം കയറിയതിനാലാണ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്.
യുഎഇയിലെ മിക്ക സ്വകാര്യ കമ്പനികള്‍ ഓഗസ്റ്റ് 10 മുതല്‍ 13 വരെയാണ് ഈദ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.