തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 68 ആയി. നിലമ്പൂര്‍ കവളപ്പാറയില്‍ ഇതുവരെ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. വയനാട് പുത്തുമലയില്‍ 10 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കവളപ്പാറയില്‍ ഇന്ന് ഒരു കുട്ടിയുടെ മൃതദേഹമുള്പ്പടെ രണ്ടു പേരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിരുന്നു. ഏഴു വയസുകാരി അലീനയെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് പുത്തുമലയില്‍ ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയതോടെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം പത്തായി. മലപ്പുറം കോട്ടക്കുന്നില്‍ ഇന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
അതേസമയം മലപ്പുറം വാണിയംപുഴ മുണ്ടേരി വനമേഖലയിലെ ആദിവാസി കോളനികളിലുള്ളവര്‍ക്ക് സൈന്യം ഭക്ഷണമുള്‍പ്പടെയുള്ള അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു. ഹെലികോപ്റ്ററിലാണ് ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തത്.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ അകപ്പെട്ടവരില്‍ അവസാനത്തെ ആളിനെ കണ്ടെത്തുന്നതുവരെ രക്ഷാ പ്രവര്‍ത്തനം തുടരുമെന്ന് ഫയര്‍ഫോഴ്സ് മേധാവി എ ഹേമചന്ദ്രന് അറിയിച്ചു.