കണ്ണൂര്‍: കണ്ണൂരില്‍ മഴയ്ക്ക് നേരിയ ശമനം. ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, ചെങ്ങളായി മേഖലകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയത് ആശ്വാസകരമാണ്. റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമാകാന്‍ കുറച്ചു കൂടെ സമയമെടുക്കും. ഇരിട്ടി മേഖലകളില്‍ ടൗണുകളിലേക്ക് കയറിയ വെള്ളം പൂര്‍ണമായും ഇറങ്ങി.
കഴിഞ്ഞ അഞ്ച് ദിവസമായി തുടര്‍ച്ചയായി പെയ്ത മഴയില്‍ തലശേരി, പയ്യന്നൂര്‍ മേഖലകളില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ വെള്ളം കയറി. രോഗികളെയടക്കം മുകളിലത്തെ നിലകളിലേക്കും മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കും മാറ്റി. ജില്ലയുടെ ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു തുടങ്ങി.
അതേസമയം, പയ്യാവൂരില്‍ ആനയടിയിലെ ചെങ്കല്‍പ്പണ തകര്‍ന്ന് താഴ്ഭാഗത്തെ വീടുകളില്‍ വെള്ളം കയറുകയും ഏക്കറുകണക്കിന് കൃഷി നശിക്കുകയും ചെയ്തു. ജില്ലയില്‍ വിവിധ താലൂക്കുകളിലായി 128 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോഴുള്ളത്. 3443 കുടുംബങ്ങളില്‍ നിന്നായി 13516 പേരാണ് ക്യാമ്പുകളിലുള്ളത്.